Tuesday, May 14, 2024
keralaNews

ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങില്‍ നിന്ന് കുരുങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞു; യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിന് നേരെ തെങ്ങിന് മുകളില്‍നിന്നും കുരുങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞു.ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു രണ്ട് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പൊട്ടിയ ചില്ല് തെറിച്ചാണ് പരിക്കേറ്റത്. കണ്ണൂരിലാണ് സംഭവം.ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് സര്‍വീസ് നടത്തുന്ന സെന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകള്‍ കരിക്കെറിഞ്ഞത്. നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന ബസാണിത്. റോഡരികിലെ തെങ്ങില്‍നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിനുനേരെ കുരങ്ങന്മാര്‍ കരിക്ക് പറിച്ച് എറിഞ്ഞത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ ബസ് വാരപ്പീടികയ്ക്കു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. വഴിയോരത്തെ തെങ്ങുകള്‍ക്കു മുകളില്‍ നിന്നു കുരങ്ങന്മാര്‍ ബസിനു നേരെ കരിക്ക് പറിച്ച് എറിയുകയായിരുന്നു. ഇതോടെ ബസിന്റെ മുന്നിലെ ചില്ലുകള്‍ വന്‍ശബ്ദത്തോടെ തകര്‍ന്നുവീണു. 16 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ മനസാന്നിധ്യം കൈവിടാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്.

ഗ്ലാസ് തകര്‍ത്ത് കരിക്ക് ബസിനുള്ളിലെത്തി. പൊട്ടിയ ചില്ല് തെറിച്ചാണ് യാത്രികരായ സ്ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റത്. ഗ്ലാസ് മാറ്റാന്‍ 17000 രൂപ ചെലവുവന്നുവെന്ന് ബസ് ഉടമ പറയുന്നു. മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഇവിടെ നിലവില്‍ സര്‍വീസ് നടത്തുന്ന ഏക ബസിന് നേരയാണ് വാനരപ്പടയുടെ ആക്രമണം.എന്നാല്‍ സംഭവത്തില്‍ ഒഴിഞ്ഞുമാറുകയാണ് വനം വകുപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുരങ്ങുകള്‍ നാട്ടിലിറങ്ങി അക്രമം നടത്തുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. വനം വകുപ്പിന്റെ നിലപാടിനെതിരെ മലയോര മേഖലയില്‍ കര്‍ഷക രോഷം അതിശക്തമാണ്. കുരങ്ങുകളെ കൂടു വെച്ച് പിടികൂടുക, മറ്റു നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.കാട്ടാന, കാട്ടുപന്നി, എന്നിവയെ കൂടാതെ കുരങ്ങുകള്‍ വിട്ടുപറമ്പിലും തൊടിയിലും കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ വരുത്തുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കുരുങ്ങുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടം വരുത്തുന്നത് അടുത്തകാലത്ത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.