Thursday, May 2, 2024
keralaNews

 ഒ വി വിജയൻ ഓർമ്മയായിട്ട് 16  വർഷം പൂർത്തിയായി …..

മരണം മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നറിയാമെങ്കിലും എനിക്ക് മരണമില്ല എന്ന ചിന്തയോടെ നമ്മുടെ ഇടയിൽ ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ്  നാം കാണുന്നത്. എത്രനാൾ ജീവിച്ചു എന്നതുപോലെ എന്ത് ചെയ്തു എന്നതിനും പ്രസക്തിയുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ നന്മതിന്മകളുടെ ഭാണ്ഡക്കെട്ടുകൾ ഉണ്ടങ്കിലും തലമുറകളിലൂടെ ജീവിക്കുന്നവർ വിരളമാണ്. അതിനു കാരണം അവർ ചെയ്തുവെച്ച സൃഷ്ടിപരമായ കരുതലുകളാണ്. ഒ വി വിജയൻ കാലത്തിനു നൽകിയ സംഭവനകളും അത്രവലുതാണ്.2005 മാർച്ച്‌ 30 ന് ആയിരുന്നു മലയാളത്തിന്റെ മഹാമനീഷി ഖസാക്കിന്റെ ഇതിഹാസം രചിച്ച ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ വി വിജയൻ നമ്മെ വിട്ടുപിരിഞ്ഞത്.
1930 പാലക്കാട്ട് മങ്കരയിൽ വേലുക്കുട്ടി നായരുടെയും കമലാക്ഷി അമ്മയുടെയും മകനായിട്ടാണ് ജനനം. അച്ഛൻ പോലീസിൽ ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം വിവിധ സ്കൂളുകളിലായിരുന്നു. മദ്രാസിൽ താമ്പരത്താണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പാലക്കാട്‌ വിക്ടോറിയ കോളജിൽ ബി എ യും മദ്രാസ് പ്രസിഡൻസി കോളേജിൽ എം എ യും പാസ്സായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.അദ്ദേഹത്തിന്റെ നിയോഗം അതല്ലെന്ന് ബോധ്യമായപ്പോൾ അധ്യാപക ജോലി ഉപേക്ഷിച്ചു. ശങ്കേഴ്സ് വീക് ലിയിലും പേട്രിയറ്റ് ദിനപ്പത്രത്തിലും കാർട്ടൂണിസ്റ്റായി. പിന്നീട് സ്വതന്ത പത്രപ്രവർത്തകനായി കേരളത്തിലും വിദേശത്തുമുള്ള പല പ്രസിദ്ധീകരണത്തിലും പ്രവർത്തിച്ചു. ഇതിൽകൂടിയെല്ലാം അദ്ദേഹത്തിന് ഒരുപാട് അനുഭവസമ്പത്ത് നേടാൻ കഴിഞ്ഞിട്ടുണ്ട്.
            1975 ലെ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ചവരിൽ  പ്രമുഖനായ സാഹിത്യകാരനായിരുന്നു ഒ വി വിജയൻ. ധർമ്മപുരണം ഇതിന്റെ പ്രതിഭലനമാണ് .
ഖസാക്കിന്റെ ഇതിഹാസം  ഗുരുസാഗരം തുടങ്ങിയ നോവലുകളും പ്രവാചകന്റെ വഴി തുടങ്ങിയ കഥകളും അനേകം ലേഖനങ്ങളും ആക്ഷേപഹാസ്യങ്ങളും ഒ വി വിജയന്റെ മാന്ത്രിക വിരൽത്തുമ്പിൽ നിന്നും ആധുനിക കാലത്ത് പിറവിയെടുത്തു .  ആക്ഷേപഹാസ്യത്തിന്റെ മുൾമുനയിൽ നിർത്തിയുള്ള വരയിലൂടെയും കുറിക്കുകൊള്ളുന്ന വരികളിൽകൂടിയും ശക്തമായ ഓർമ്മപ്പെടുത്തലുകൾ നൽകുന്നതിൽ അദ്ദേഹത്തിന്റെ പാടവം ശ്രദ്ധേയമാണ്. അതുപോലെ നിരവധി ഇംഗ്ലീഷ്  കൃതികളും, ഫ്രഞ്ച് ഇംഗ്ലീഷ് തർജ്ജിമകളും ചെയ്തു . വിവിധ രംഗങ്ങളിലുള്ള അഗാധമായ പാണ്ഡിത്യവും അത് പ്രയോഗിക്കുവാനുള്ള ആർജ്ജവവും കൈമുതലായുണ്ടങ്കിലും മനുഷ്യരെ മാത്രമല്ല എല്ലാ ജീവജാലങ്ങളോടും അദ്ദേഹത്തിന് അതിരുകളില്ലാത്ത സ്നേഹവായ്പ്പുകൾ ഉണ്ടായിരുന്നു എന്നതാണ്. സ്നേഹമുള്ള ഒരു പൂച്ചയും അദ്ദേഹത്തോടൊപ്പം ദീർഘകാലം ഉണ്ടായിരുന്നു എന്നുള്ളതാണ്.
ഇതിൽനിന്നെല്ലാം അദ്ദേഹത്തിന് ലഭിച്ചത് അനേകം ആദരങ്ങളാണ് . കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ, മുട്ടത്തു വർക്കി, എഴുത്തച്ഛൻ പുരസ്‌കാരം, തപസ്യ കലാസാഹിത്യവേദി സഞ്ജയൻ പുരസ്‌കാരം തുടങ്ങി എത്രയെത്ര അഗീകാരങ്ങൾ. ഭാരതത്തിന്റെ പരമോന്നത ബഹുമതികളായ പദ്മശ്രീ, പദ്മഭൂഷൺ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.ഒ വി വിജയന്റെ ജീവിതാവസാന കാലഘട്ടം പാർക്കിൻസൺ രോഗത്താൽ ക്ഷീണിതനായിരുന്നു.സഹധർമ്മിണി ഡോ തെരേസ ഗബ്രിയേൽ മകൻ മധു വിജയൻ ക്രിയേറ്റീവ് ആർട്ടിസ്റ്റ് ആണ്.പാലക്കാട്‌ തസ്രാക്കിൽ അദ്ദേഹത്തിന് സമുചിതമായ സ്മാരകം നിർമ്മിച്ചിട്ടുണ്ട്.  ഭാരതീയ സംസ്കൃതിയിൽ ഊന്നിനിന്നുകൊണ്ട് ആധുനികതക്ക് വേണ്ടി പ്രവർത്തിച്ച മഹാപ്രതിഭ  ഒ വി വിജയന്റെ സ്മരണയ്ക്ക് മുൻപിൽ പ്രണമിക്കുന്നു .