Thursday, April 18, 2024
keralaNews

മന്‍സൂര്‍ വധം ; കണ്ണൂരില്‍ സിപിഎം ഓഫീസിന് തീവച്ചു.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷം . സി.പി.എം ഓഫിസുകളും , സി.പി.എം അനുഭാവികളുടെ കടകളും തല്ലിത്തകര്‍ത്തു . ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് തീയിട്ടു. പെരിങ്ങത്തൂര്‍ ടൗണ്‍, ആച്ച് മുക്ക് ബ്രാഞ്ച് ഓഫീസുകള്‍ക്കാണ് തീയിട്ടത്. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസും അടിച്ചുതകര്‍ത്തു. മന്‍സൂറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്ന് വൈകിട്ട് ആറര മുതല്‍ ഏഴര വരെ ഒരു മണിക്കൂറോളം പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ക്കായി മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ ആയിരുന്നു അക്രമം.കണ്ണൂര്‍ കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍പീടികയില്‍ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (22) വെട്ടേറ്റു മരിച്ചത്. വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്‌സിനും ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. സഹോദരനെ അക്രമിക്കാന്‍ വന്ന അക്രമികളെ തടയുന്നതിനിടെയായിരുന്നു വെട്ടേറ്റ് മന്‍സൂര്‍ കൊല്ലപ്പെട്ടത്.ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനും പരിക്കേറ്റിട്ടുണ്ട്. മുഹ്സിന്‍ ചികിത്സയിലാണ്.