Monday, May 6, 2024
keralaNews

ഒരു മനസ്സോടെ കേരളം;മുഹമ്മദിന് മരുന്നിനുള്ള 18 കോടി സമാഹരിച്ചു

കേരളം ഒരു മനസ്സോടെ അണിനിരന്നു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് മരുന്ന് വാങ്ങുന്നതിനുള്ള 18 കോടി രൂപ സമാഹരിച്ചു. വെറും ആറ് ദിവസം കൊണ്ടാണ് ഇത്രയും ഭീമമായ തുക സംഘടിപ്പിക്കാനായത് എന്നത് മലയാളി മനസ്സുകളുടെ കരുതലിനും ഐക്യബോധത്തിനും തെളിവായി. രണ്ട് പ്രളയങ്ങളെയും നിപ്പയെയുമെല്ലാം അതിജീവിക്കുന്നതില്‍ സംസ്ഥാനത്തെ ജനമനസ്സുകള്‍ കാണിച്ച ഇച്ഛാശ്ശക്തി തന്നെയാണ് ഇവിടെയും ദൃശ്യമായത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കമ്മിറ്റിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ പണമെത്തി. ആവശ്യമായ പണം ലഭിച്ചതോടെ അക്കൗണ്ട് ക്ലോസ് ചെയ്തതായും ഇനി ആരും പണമയക്കേണ്ടതില്ലെന്നും കല്യാശ്ശേരി എം എല്‍ എ. എം വിജിന്‍ പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച മുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ സോള്‍ജെന്‍സ്മ എന്ന മരുന്ന് വേണം. ഇതിന് 18 കോടി രൂപ വേണം. രണ്ടു വയസ്സിനുള്ളില്‍ അത് നല്‍കുകയും ചെയ്യണം. ഈ വരുന്ന നവംബറില്‍ മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അതിനു മുമ്പ് മരുന്ന് നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും രോഗം ബാധിക്കും. മുഹമ്മദിന് വേണ്ടിയുള്ള സഹായാഭ്യര്‍ഥനയെ സമൂഹം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എത്രയും വേഗം മരുന്ന് ലഭിച്ച് മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി നമുക്ക് പ്രാര്‍ഥിക്കാം.