Sunday, May 12, 2024
keralaNews

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാല മോഷണം പോയതു തന്നെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്വര്‍ണംക്കെട്ടിയ രുദ്രാക്ഷമാല മോഷണം പോയതു തന്നെയെന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിലവില്‍ കണ്ടെത്തിയ രുദ്രാക്ഷമാല രേഖകളില്‍ ഇല്ലാത്തതാണെന്നും പഴയ മാല മാറ്റി പുതിയതു വച്ചതാണന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം ദേവസ്വം ബോര്‍ഡിന്റെ ഉന്നതാധികാരികളെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.വിജിലന്‍സ് എസ്പി പി. ബിജോയ് നടത്തിയ അന്വേഷണത്തിലാണ് മാല മോഷണംപോയതാണെന്ന് സ്ഥിരീകരിച്ചത്. 81 മുത്തുകളുള്ള 23 ഗ്രാം തൂക്കമുള്ള സ്വര്‍ണംക്കെട്ടിയ രുദ്രാക്ഷമാലയാണ് ദേവസ്വം ബോര്‍ഡിന്റെ രേഖകളിലുള്ളത്. ഇതിന് പകരം 72 മുത്തുകളുള്ള 21 ഗ്രാം തൂക്കമുള്ള മറ്റൊരു മാലയാണ് കണ്ടെത്തിയത്. പഴയ മാലയില്‍ നിന്ന് 9 രുദ്രാക്ഷം അടര്‍ത്തി മാറ്റിയതാണോ അതോ പഴയ മാല മാറ്റി പുതിയതു വച്ചതാണോ എന്നിങ്ങനെ രണ്ട് കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. യഥാര്‍ഥ മാല മോഷ്ടിച്ച ശേഷം മറ്റൊരു മാല പകരം വെച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാല നല്‍കിയ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മാല നിര്‍മിച്ച സ്വര്‍ണപണിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ദേവസ്വം ബോര്‍ഡിലെ രേഖകളും പരിശോധിച്ചാണ് മോഷണം സ്ഥിരീകരിച്ചത്. മാലയുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന മുന്‍ മേല്‍ശാന്തിയുടേത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംഭവം മൂടിവെയ്ക്കാനും ക്ഷേത്രത്തിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി. ഇത് ദുരൂഹമാണ്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൈമാറി. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണം കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും.സംഭവത്തില്‍ അന്വേഷണം നടത്തിയ തിരുവാഭരണ കമ്മിഷണര്‍ എസ്. അജിത്കുമാറിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളുന്നതാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. മാലയിലെ ഒന്‍പത് മുത്തുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു തിരുവാഭരണ കമ്മിഷണറുടെ കണ്ടെത്തല്‍. അളവിലും തൂക്കത്തിലും വന്ന വ്യത്യാസം ക്ലെറിക്കല്‍ പിഴവാണെന്നുമായിരുന്നു വിശദീകരണം. മാല മോഷണം പോയ വിവരം നേരത്തെ അറിഞ്ഞ തിരുവാഭരണ കമ്മിഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിവരം അറിയിച്ചിരുന്നില്ല.