Sunday, May 19, 2024
keralaNewspolitics

ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് ആവര്‍ത്തിച്ച് എ.വി.ഗോപിനാഥ്.

കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിച്ചതിന്റെ രണ്ടാംനാള്‍ നിലപാട് മയപ്പെടുത്തി പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി.ഗോപിനാഥ്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം നേരിട്ടറിഞ്ഞ് തുടര്‍നടപടി സ്വീകരിക്കുമെന്നും പെരിങ്ങോട്ടുകുറിശ്ശിയിലെ യോഗ ശേഷം ഗോപിനാഥ് പറഞ്ഞു.ഗോപിനാഥുമായി അടുപ്പം പുലര്‍ത്തുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ പഞ്ചായത്തംഗങ്ങളും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളുമായി ഗോപിനാഥ് സംസാരിച്ചു. പാര്‍ട്ടിവിട്ട തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു ആവശ്യം. തല്‍ക്കാലം അതിന് കഴിയില്ലെന്നറിയിച്ച ഗോപിനാഥ് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കി.പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തംഗം എന്ന നിലയില്‍ ഭരണസമിതിക്കൊപ്പം മുഴുവന്‍ വാര്‍ഡുകളിലും സഞ്ചരിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനാണ് തീരുമാനം. വര്‍ഷങ്ങളായി യുഡിഎഫിന്റെ കൈയ്യിലുള്ള പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണസമിതി ഗോപിനാഥ് പറഞ്ഞാല്‍ രാജിവയ്ക്കാന്‍ തയാറെന്ന നിലപാടിലാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധം ഉപേക്ഷിച്ചെന്ന് ഗോപിനാഥ് പറയുമ്പോഴും കെപിസിസി നേതൃത്വവുമായി ചര്‍ച്ചയ്ക്കുള്ള അവസരം ഇപ്പോഴുമുണ്ടെന്നാണ് അനുകൂലികളുടെ കണക്കുകൂട്ടല്‍.