Friday, May 10, 2024
indiaNewspoliticsworld

ഏക എതിരാളി പിന്മാറി:  ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്

ലണ്ടന്‍: തിരഞ്ഞെടുപ്പില്‍ നിന്ന് ഏക എതിരാളി പെന്നി മോര്‍ഡന്റ് പിന്മാറിയതോടെ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് എതിരാളികള്‍ ഇല്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. തിരഞ്ഞെടുപ്പില്‍ നിന്ന് പെന്നി മോര്‍ഡന്റും പിന്‍മാറിയതോടെയാണ് പ്രധാനമന്ത്രി പദം ഋഷി സുനകിന് സ്വന്തമായത്. മത്സരത്തില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന എതിരാളിയായ പെന്നിയുടെ പിന്‍മാറ്റവും. ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതോടെ ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 100 എംപിമാരുടെ പിന്തുണയുളളവര്‍ക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്.പാര്‍ട്ടിയില്‍ നിന്ന് മൂന്ന് പേരാണ് മത്സര രംഗത്തുണ്ടായത്.

ബോറിസിന് വേണ്ടത്ര പിന്തുണ ഉണ്ടാവില്ലെന്ന നിലയിലായിരുന്നു പിന്‍മാറ്റം. പിന്നീട് ഋഷി സുനകിനെയും പെന്നി മോര്‍ഡന്റും മാത്രമായി മത്സര രംഗത്ത്. മോര്‍ഡന്റിനും കുറഞ്ഞത് 100 പേരുടെ പിന്തുണ ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് പിന്‍മാറ്റം. ഇനി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കും. 100 പേരുടെയെങ്കിലും പിന്തുണ നേടാന്‍ ഋഷി സുനകിന് ആയാല്‍ ചരിത്രം രചിക്കപ്പെടും. ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെയാണ് സുനക് അധികാരത്തിലെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45-ാം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജി.

സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. സുനകിന് മുന്നിലും ഈ പ്രതിസന്ധികളുണ്ടാകും. ബ്രക്സിറ്റിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയും റഷ്യ-യുക്രെയ്ന്‍ യുദ്ധവും ബ്രിട്ടന്റെ സാമ്പത്തിക നിലയെ ബാധിച്ചിട്ടുണ്ട്. കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ബ്രിട്ടണ്‍. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അവസരമാകും ഋഷി സുനകിന് പ്രധാനമന്ത്രി പദം.