Monday, April 29, 2024
indiaNewspolitics

ഏകീകൃത സിവില്‍ കോഡ് കരട് തയ്യാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും: റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

ഡെറാഡൂണ്‍: സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കരട് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ബില്ലിന് രൂപം നല്‍കാന്‍ ചുമതലപ്പെടുത്തിയ സമിതി. കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കരട് രൂപീകരിക്കാന്‍ സമിതിയെ നിയോഗിച്ചത്. ബില്‍ രാജ്യത്തിന്റെ മതേതര ഘടനയെ ശക്തിപ്പെടുത്തുമെന്ന് ജസ്റ്റിസ് (റിട്ട) രഞ്ജന പ്രകാശ് ദേശായി പറഞ്ഞു. വിവിധ മതങ്ങളിലെ വിവാഹ നിയമങ്ങള്‍, നിലവിലുള്ള വ്യക്തിനിയമങ്ങള്‍, ലോ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം പഠിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമിതിയുടെ അദ്ധ്യക്ഷയായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി പറഞ്ഞു. കരട് ബില്‍ അച്ചടിച്ചു വരികയാണെന്നും ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറുമെന്നും ബില്‍ ഈ രാജ്യത്തിന്റെ മതേതര ഘടനയെ ശക്തിപ്പെടുത്തുമെന്നും ദേശായി കൂട്ടിച്ചേര്‍ത്തു. സമിതിക്ക് വലിയ പിന്തുണയും ചില എതിര്‍പ്പുകളും ലഭിച്ചു. എല്ലാ കാര്യങ്ങളിലും പാനലിലെ അംഗങ്ങള്‍ ഏകകണ്ഠമായി നിലപാട് എടുത്തുവെന്നും പ്രകാശ് ദേശായി വ്യക്തമാക്കി. 2.3 ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. 20,000-ത്തിലധികം ആളുകളെയും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയും വിവിധ മതങ്ങളില്‍ നിന്നുള്ള നേതാക്കളെയും ആളുകളെയും കരട് തയ്യാറാക്കുന്നതിന് മുമ്പായി കണ്ടതായും പാനല്‍ അറിയിച്ചു.