Saturday, May 11, 2024
indiakeralaLocal NewsNews

എരുമേലി മോഷണം; പ്രധാന പ്രതിയെ പിടിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. 

എരുമേലി: ശബരിമല തീർഥാടകരുടെ കാർ തകർത്ത്  50,000 രൂപയും,ഏഴ് ഫോണുകളും കവർന്ന കേസിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞിട്ടും പ്രതിയെ പിടിക്കാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.മോഷണവുമായി ബന്ധപ്പെട്ട്  പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത്  ജുവൈനൽ  കോടതിയിൽ ഹാജരാക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും  പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ പോലീസുകാരന്റെ  മകൻ  പ്രധാന പ്രതിയായ മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്  ഇരുട്ടിൽ തപ്പുകയാണെന്നുമാണ് ആരോപണം.ജനുവരി 1 ന് വെളുപ്പിന് എരുമേലി  ഓരുങ്കൽ കടവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പാർക്കുചെയ്തിരുന്ന  ശബരിമല തീർത്ഥാടകരുടെ കാറിന്റെ  ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത് .കഴിഞ്ഞ ദിവസം പ്രതികളെ സംബന്ധിച്ച്  വിവരം ലഭിച്ചുവെങ്കിലും
പ്രായപൂർത്തിയാകാത്തവരെ മാത്രമാണ് പോലീസ് പിടികൂടിയത്.മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്  നടത്തിയ നീക്കമാണ് പ്രതികളെ സംബന്ധിച്ചുള്ള സൂചന ലഭിക്കാൻ വഴിയൊരുക്കിയത്.മോഷണവുമായി ബന്ധപ്പെട്ട്  സൂചന ലഭിച്ച പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുൻപ് പ്രതി ഒളിവിൽ പോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.എന്നാൽ  മോഷണ കേസിലെ  പ്രധാനപ്രതിയെ ഒഴിവാക്കി കേസ് ഒതുക്കി തീർക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായി നാട്ടുകാർ പറയുന്നു. തമിഴ്നാട് തേനിയിൽ നിന്നുള്ള  പത്തംഗ സംഘമാണ് ശബരിമല തീർത്ഥാടനത്തിനായി എത്തിയത്.വെളുപ്പിന് 3.30 ഓടെ  കാർ പൂട്ടിയ ശേഷം എല്ലാവരും  കുളിക്കാനായി  പോയ സമയത്തായിരുന്നു മോഷണം നടന്നത്.