Friday, May 17, 2024
keralaNews

അനുഗ്രഹം ചൊരിഞ്ഞ് ശ്രീകൃഷ്ണപ്പരുന്ത്….

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ചരിത്രമായി ….

അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ.

കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച ഗ്രാമത്തെ ശരണമന്ത്രങ്ങള്‍ കൊണ്ടും അനുഗ്രഹവര്‍ഷം കൊണ്ടും തൊട്ടുണര്‍ത്തിയ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ അങ്ങനെ ചരിത്രമാവുകയാണ്.അമ്പലപ്പുഴ ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ശബരിമല തീര്‍ത്ഥാടനത്തിന് ആചാര അനുഷ്ഠാനങ്ങള്‍ വിശ്വാസികളെക്കൊണ്ട് എത്തിക്കുമ്പോള്‍ എരുമേലി എന്ന കൊച്ചു ഗ്രാമത്തിനും വിശ്വാസത്തിന്റെ ധന്യനിമിഷങ്ങളാണ് സമ്മാനിച്ചത്.

മണികണ്ഠസ്വാമി മഹിഷിയെ നിഗ്രഹിച്ച് സ്ഥലമായ എരുമകൊല്ലി കാലാന്തരത്തില്‍ എരുമേലിയായിത്തീരുകയും അയ്യപ്പന്റെ ഉറ്റ തോഴനായി വാവരും ചേര്‍ന്നതോടെ എരുമേലി ലോകത്തിന് നല്‍കിയത് മതമൈത്രിയുടെയും മാനവസഹോദര്യത്തിന്റേയും സന്ദേശമാണ്.അമ്പലപ്പുഴ സംഘം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊച്ചമ്പലത്തില്‍ എത്തിയപ്പോള്‍ ഭഗവത് ചൈതന്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിനു തൊട്ടു മുകളിലായി താഴ്ന്ന പറന്നതും വിശ്വാസികളെ ആവേശത്തിലാക്കി. ഒരുമയുടെ പ്രതിരൂപമായി ആലങ്ങാട് ദേശത്തിന്റെ പേട്ടതുള്ളലും ഇത്തവണ ശ്രദ്ധേയമായിരുന്നു.

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘത്തോടൊപ്പം എത്തിയ രണ്ട് മാളികപ്പുറം സ്വാമിമാർ ആചാരവിധിയോടെ പേട്ടതുള്ളുന്നു .

സ്വര്‍ണ്ണ തിടമ്പേന്തിയ ഗജവീരന്മാരും,വാദ്യമേളങ്ങളും,കൊടിയും,ഗോളകയുമെല്ലാം കോര്‍ത്തിണക്കിയ പേട്ടതുള്ളല്‍ ആര്‍ഭാടങ്ങളില്ലാത്ത ആരവങ്ങള്‍ക്ക് നേര്‍ക്കാഴ്ച ഒരുക്കി.മഹിഷിയെ നിഗ്രഹിക്കാനായി എരുമേലിയില്‍ എത്തിയ മണികണ്ഠസ്വാമി അന്തിയുറങ്ങിയ എരുമേലി പുത്തന്‍വീട് ഇന്നും കെടാവിളക്കിന്റെ നിറശോഭയില്‍ കുടുംബക്കാര്‍ കാത്തുസൂക്ഷിക്കുന്നതായും പുത്തന്‍ വീട്ടിലെ മൂത്തകാരണവര്‍ പി.പി പെരിശ്ശേരി പിള്ള പറഞ്ഞു.

ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ കൊച്ചമ്പലത്തിൽ നിന്നും പുറപ്പെട്ടപ്പോൾ .

അമ്പലപ്പുഴ-ആലങ്ങാട് പേട്ടതുള്ളല്‍ സംഘങ്ങളെ അനുഗമിച്ചും-സ്വീകരണങ്ങള്‍ നല്‍കിയും നാട്ടുകാരും,പൗരപ്രമുഖരും,ദേവസ്വം ബോര്‍ഡും ,പോലീസ് ഉദ്യോഗസ്ഥരും,ജമാഅത്ത് കമ്മറ്റിയും,ഗ്രാമപഞ്ചായത്തും,ജനപ്രതിനിധികളും,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും,സാമുദായിക സംഘടനകളും,കെ എസ് ആര്‍ റ്റി സിയും എരുമേലി പേട്ടതുള്ളലിന്റെ ഭാഗമായി.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍,ജില്ല പോലീസ് സൂപ്രണ്ട് ജി .ജയദേവ് ഐ പി എസ് , കാഞ്ഞിരപ്പള്ളി ജെ.സന്തോഷ് കുമാര്‍,എരുമേലി എസ് എച്ച് ഒ സജി ചെറിയാന്‍ , എസ് ഐ ഷമീര്‍ ഖാന്‍ പി എ ,അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ് .മനോജ്,ബി ജെ പി സംസ്ഥാന സമിതിയംഗം എന്‍ ഹരി,ജില്ല പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു,സേവാ സംഘം എരുമേലി ശാഖാ പ്രസിഡന്റ് അനിയന്‍ എരുമേലി,ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി രാജേഷ് നട്ടാശ്ശേരി ,ജമാത്ത് ഭാരവാഹികളായ നൈസാം പി .അഷറഫ്,ട്രഷറര്‍ നാസര്‍ പനച്ചി ,. സലീം കണ്ണംങ്കര,കെ എസ് ആര്‍ റ്റി സി പ്രതിനിധികളായ എസ്. രമേശ് , വി.എസ് തിലകന്‍ , പോള്‍ സണ്‍ ജോസ്, പ്രദീപ് കുമാര്‍ ,കെ. ആര്‍ റജി , ഷിജുമോന്‍ ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി,സെക്രട്ടറി എം എന്‍ വിജയന്‍,വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് എന്നിവരും പേട്ടതുള്ളലില്‍ പങ്കെടുത്തു.