Saturday, May 11, 2024
indiakeralaNews

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവില്‍ കണ്ടെത്തി.

ബംഗളൂരു : കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളെ ബംഗളൂരുവില്‍ കണ്ടെത്തി.ബംഗളൂരു മടിവാളയിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൂടെ രണ്ട് ആണ്‍കുട്ടികളും ഉണ്ടെന്നാണ് വിവരം. ഒരാളെ പോലീസില്‍ ഏല്‍പ്പിച്ചു. ബാക്കി അഞ്ച് പെണ്‍കുട്ടികളും പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബംഗളൂരുവില്‍ എത്തിയതായി കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന സീപേള്‍ എന്ന ഹോട്ടലിലാണ് പെണ്‍കുട്ടികള്‍ മുറിയെടുക്കാന്‍ എത്തിയത്.ഇവരുടെ കൂടെ രണ്ട് ആണ്‍കുട്ടികളും ഉണ്ടായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. മാദ്ധ്യമ വാര്‍ത്തകള്‍ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ ഇതില്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പെണ്‍കുട്ടികളെ അവിടെ തടഞ്ഞ് വെച്ചു. എന്നാല്‍ പോലീസില്‍ എത്തിയപ്പോഴേക്കും അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഒരാളെ പോലീസില്‍ ഏല്‍പ്പിച്ചു. മടിവാള പോലീസും ഇത് സ്ഥിരീകരിച്ചു.പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികളെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കാണാതായത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് നിഗമനം. അടുക്കളക്കെട്ടിടത്തിന് മുകളില്‍ കോണിവെച്ചാണ് താഴേക്ക് ഇറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചേവായൂര്‍ പോലീസില്‍ പരാതി ലഭിച്ചത്.