Saturday, May 4, 2024
keralaNews

എരുമേലി ദേവസ്വം ബോർഡിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടില്‍    ജനുവരി ആറിന് മുഖ്യമന്ത്രി നിർവ്വഹിക്കും . 

എരുമേലി:കിഫ്ബിയുടെ ധനസഹായത്തോടെ ശബരിമല തീർത്ഥാടകർക്കായി ദേവസ്വം ബോർഡ് വക എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജനുവരി 6 ന് രാവിലെ 11. 30ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്  അഡ്വ എൻ.അനന്തഗോപൻ പറഞ്ഞു.ഇതോടനുബന്ധിച്ച്  എരുമേലിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ  ദേവസ്വംമന്ത്രി കെ .രാധാകൃഷ്ണൻ , ദേവസ്വം ബോർഡ് പ്രസിഡന്റ്,മറ്റ് അംഗങ്ങൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ,എംഎൽഎ അടക്കം നിരവധി പേർ പങ്കെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്  പറഞ്ഞു.ഉദ്ഘാടനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ദേവസ്വം ഹാളിൽ ഇന്നലെ വിളിച്ചുകൂട്ടിയ യോഗത്തിൽ , ദേവസ്വം ബോർഡ് പ്രസിഡന്റ് പരമ്പരാഗത കാനനപാത തുറന്ന പരിപാടിയിൽ  എരുമേലി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളെ ക്ഷണിക്കാത്തതിൽ പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി പ്രതിഷേധമറിയിച്ചു. കാനനപാത ഉദ്ഘാടനം കഴിഞ്ഞ് ക്ഷേത്രം ഭണ്ഡാര ഹാളിൽ നടത്താൻ തീരുമാനിച്ച ആലോചനായോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്  വൈകിയതും ജനപ്രതിനിധികളെ പ്രകോപിപ്പിച്ചു.പരിപാടിയിൽ പങ്കെടുക്കാൻ വന്ന എംഎൽഎ  ഏറെ നേരം കാത്തു നിന്ന ശേഷം പങ്കെടുക്കാതെ മടങ്ങി.എന്നാൽ  കാനനപാത കാണുന്നതിനായി പോയതാണെന്നും ദൂരം കൂടിയത് അറിയാൻ കഴിഞ്ഞിരുന്നില്ലായെന്നും  ദേവസ്വം പ്രസിഡന്റും  യോഗത്തെ അറിയിച്ചു. 15 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വലിയ പദ്ധതിയിൽ 85000 സ്ക്വയറിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിൽ 450 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള അന്നദാന മണ്ഡപം, 450 പേർക്ക് താമസിക്കാവുന്ന സൗകര്യം, 16 ഗസ്റ്റ് ഹൗസ് മുറികൾ, വാഹന പാർക്കിംഗ് സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൻബിസിസി പൊതുമേഖലാ സ്ഥാപനത്തിനാണ് നിർമ്മാണ ചുമതല.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിത് സാബു അധ്യക്ഷത വഹിച്ചു . ദേവസ്വം ബോർഡ് അംഗം അഡ്വ. മനോജ് ചരളേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എസ് കൃഷ്ണകുമാർ , വാർഡംഗം ലിസി , എൻ.ബി സി സി  ജനറൽ മാനേജർ രവീന്ദ്രൻ , ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ അജിത് കുമാർ , ഡെപ്യൂട്ടി കമ്മീഷണർ ജി ബൈജു ,എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ് ബൈജു , അസിസ്റ്റൻറ് കമ്മീഷണർ ആർ എസ് ഉണ്ണികൃഷ്ണൻ , എരുമേലി വിജയമോഹൻ , എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സതീഷ് കുമാർ , ശബരിമല അയ്യപ്പ സേവാ സംഘം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡണ്ട് മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചെയർമാനായും , ഗ്രാമ –  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജ് കുട്ടി, അജിത് സാബു  എന്നിവർ വൈസ് ചെയർപേഴ്സണായും, ദേവസ്വം ബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ജി. ബൈജു പ്രോഗ്രാം കൺവീനറായും ഉൾപ്പെടെയുള്ള പരിപാടിയിൽ പങ്കെടുത്ത മറ്റെല്ലാവരേയും ഉൾപ്പെടുത്തി കമ്മറ്റിയും തിരഞ്ഞെടുത്തു.