Monday, May 13, 2024
keralaNews

കാശ്മീരില്‍ ലോകത്തിലെ ഏറ്റവും ഉയരമുളള പാലം

ഇന്ത്യയുടെ അഭിമാനമായി ചെനാബ് റെയില്‍പ്പാലം; ലോകത്തിലെ ഏറ്റവും ഉയരമുളള പാലം ഒരുങ്ങുന്നത് ജമ്മു കാശ്മീരില്‍, കമാന നിര്‍മാണം പൂര്‍ത്തിയാക്കി റെയില്‍വേ ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലത്തിന്റെ കമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് പാലം നിര്‍മിക്കുന്നത്. രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് നദീതടത്തില്‍നിന്ന് 359 മീറ്ററാണ് ഉയരം.

1.3 കിലോമീറ്റര്‍ നീളമുളള പാലം കാശ്മീര്‍ താഴ്വരയിലേക്കുളള യാത്ര കൂടുതല്‍ സുഗമമാക്കും. ഉദ്ധംപൂര്‍-ശ്രീനഗര്‍-ബരാമുല്ല റെയില്‍വേ ലിങ്ക് പദ്ധതിയുടെ ഭാഗമായി 1486 കോടി മുതല്‍മുടക്കിലാണ് പാലം നിര്‍മിക്കുന്നത്. ഇതിന് പാരിസിലെ ഐഫല്‍ ഗോപുരത്തേക്കാള്‍ 30 മീറ്റര്‍ ഉയരം കൂടുതലാണ്. പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കമാനത്തിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒയുമായ സുനീത് ശര്‍മ, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗലും വീഡിയോ കോണ്‍ഫറന്‍സിലൂടെ വീക്ഷിച്ചു. റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ 2.74 ഡിഗ്രി വളച്ച് പാലത്തിനായി കമാനം നിര്‍മിക്കുന്നത് ആദ്യമായാണ്. പാലത്തിന് 120 വര്‍ഷമാണ് റെയില്‍വേ കണക്കാക്കുന്ന ആയുസ്.