Monday, May 13, 2024
Local NewsNews

എരുമേലിയിൽ പതിനായിരങ്ങൾ പേട്ട തുള്ളി ആനന്ദ നിർവൃതി നേടി 

എരുമേലി : ശരണമന്ത്രങ്ങളുടെ സംഗമഭൂമിയായ എരുമേലിയിൽ ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ – ആലങ്ങാട് ദേശത്തിന്റെ പേട്ട തുള്ളൽ ദർശിച്ച് പതിനായിരങ്ങൾ ആനന്ദ നിർവൃതി നേടി. ആകാശ നെറുകയിൽ ഭഗവത് ചൈതന്യമായി ശ്രീകൃഷ്ണ പരുന്ത് മൂന്ന് തവണ പ്രത്യക്ഷപ്പെട്ട്  അനുഗ്രഹം ചൊരിഞ്ഞതിന് ശേഷമാണ്  ഇന്ന്  12 വെള്ളിയാഴ്ച 11.52 ഓടെയാണ് പേട്ട കൊച്ചമ്പലത്തിൽ നിന്നും അമ്പലപ്പുഴക്കാരുടെ പേട്ട തുള്ളൽ ആരംഭിച്ചത് . അമ്പലപ്പുഴ സംഘം സമൂഹെ പെരിയോൻ എൻ. ഗോപാല കൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പേട്ട തുള്ളലാണ് ഒന്നാമത്.                                                                                                                     
ഉച്ച കഴിഞ്ഞ് 3.50 ഓടെ നീലാകാശത്തിൽ വെള്ളിനക്ഷത്രം തെളിയുന്നതോടെയാണ് ആലങ്ങാട്  ദേശത്തിന്റെ ഗുരുസ്വാമി എ.കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള  സംഘത്തിന്റെ  പേട്ട തുള്ളൽ രണ്ടാമതായി നടന്നത് .ഇരു സംഘങ്ങളുടേയും സ്വർണ്ണ തിടമ്പുകൾ  പേട്ടകൊച്ചമ്പലത്തിൽ നിന്നും  മേൽശാന്തി കെ. മനോജ് നമ്പൂതിരി പൂജിച്ച് ഭഗവത് പ്രസാദം നൽകിയതിന് ശേഷമാണ് കൊച്ചമ്പലത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിച്ചത് . പേട്ട കൊച്ചമ്പലത്തിൽ പ്രദക്ഷിണം വച്ച് ഇറങ്ങുന്ന അമ്പലപ്പുഴ സംഘം എതിർ വശത്തുള്ള പള്ളിയിൽ കയറി ജമാത്ത് കമ്മറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി പ്രദക്ഷിണം വച്ച്  വാവരുടെ പ്രതിനിധിയായി താഴത്തുവീട്ടിൽ ആസാദിനേയും കൂട്ടിയാണ്  പേട്ട തുള്ളൽ പിന്നീട് തുടരുന്നത് .  എന്നാൽ അയ്യപ്പ സ്വാമിയുടെ കുടെ വാവരും പോയയായുള്ള ഈ വിശ്വാസത്താൽ ആലങ്ങാട് സംഘം പള്ളിയിൽ കയറാതെയാണ് പേട്ട തുള്ളുന്നത്.                                                                                                  അമ്പലപ്പുഴ സംഘം പേട്ട തുള്ളലിൽ ഗജവീരൻ തൃക്കടവൂർ ശിവരാജുവിന്റെ മുകളിലാണ് പ്രധാന സ്വർണ്ണ തിടമ്പ് ഏറ്റിയത്. ഹരിപ്പാട് അപ്പു, കുളമാക്കിൽ പാർത്ഥസാരഥി എന്നിവരും സ്വർണ്ണ തിടമ്പേന്തി ഇരു വശങ്ങളും അണി നിരന്നു. ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളലിനും
തൃക്കടവൂർ ശിവരാജുവിന്റെ മുകളിലാണ് പ്രധാന സ്വർണ്ണ തിടമ്പ് ഏറ്റിയത്.
 വാദ്യമേളങ്ങളുടെ  അകമ്പടിയിൽ  വർണ്ണഛായങ്ങൾ വാരിപൂശിയും, പാണനിലകൾ കൈയിലേന്തി  ശരണമന്ത്രങ്ങളുമായി മതിമറന്നാടുകയാണ്  അമ്പലപ്പുഴ പേട്ട തുള്ളൽ.
കാടിളക്കി നാടുണർത്തി ശരണ മന്ത്രങ്ങളാൽ  കരഘോഷങ്ങൾ മുഴക്കിയുള്ള പേട്ട തുള്ളൽ അക്ഷരാർത്ഥത്തിൽ ഭക്തിയുടെ നേർക്കാഴ്ച ഒരുക്കൽ തന്നെയായിരുന്നു. കളഭം തേച്ചും –  ശുഭ്ര വസ്ത്രം ധരിച്ചും  ഉടുക്കിന്റേയും –  വാദ്യമേളത്തിന്റേയും താളലയങ്ങളിൽ ലയിച്ച് എല്ലാം മതിമറന്ന് ശരണകീർത്തനങ്ങൾ ഉരുവിട്ടായിരുന്നു.                                                                                                       
പിതൃസ്ഥാനീയരായ   ആലങ്ങാടിന്റെ പേട്ട തുള്ളൽ.  മനുഷ്യസ്ത്രീയുടെ ശരീരവും എരുമയുടെ ശിരസ്സുമായി വന്ന ഉഗ്രരൂപിണിയായ മഹിഷി ആണായിപിറന്നവരെയൊക്കെ കൊന്നൊടുക്കിയ കാലം. നാടിൻ്റെ ഈ ദുഃസ്ഥിതിയിൽ ജനങ്ങൾ  നാലുപാടും ചിതറിയോടുന്ന ദുരിതകാഴ്‌ചയ്ക്ക് അറുതിവരുത്താൻ   ജന്മമെടുത്ത മണികണ്‌ഠസ്വാമി, തൻ്റെ അവതാരലക്ഷ്യമായ  മഹിഷി നിഗ്രഹം  പൂർത്തീകരിച്ചതോടെ എരുമകൊല്ലിയെന്ന കൊച്ചു വനപ്രദേശമായ ഗ്രാമം എരുമേലിയായിത്തീർന്നുവെന്ന വിശ്വാസമാണുള്ളത്.  മഹിഷിയുടെ ജഡം തോളിലേറ്റി ജനങ്ങൾ  ആഹ്ലാദപൂർവ്വം തെരുവിൽ ആനന്ദനൃത്തം വയ്ക്കുന്ന ആ  ഓർമ്മ പുതുക്കലാണ് പേട്ടതുള്ളൽ ചടങ്ങ്.അയ്യപ്പസ്വാമിയുടെ അവതാരത്തിനായി മോഹിനീവേഷം പൂണ്ട വിഷ്‌ണുചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണ ഭഗവാനാണെന്ന വിശ്വാസത്തിലാണ്  അമ്പലപ്പുഴ ദേശക്കാർ മാതൃസ്ഥാനീയരായി ആദ്യ  പേട്ടതുള്ളൽ.                                                                                                                                                                                                    അയ്യപ്പൻ എന്റകത്ത് സ്വാമി നിന്റകത്ത് ” എന്ന ശരണ മന്ത്രമാണ്  എരുമേലിയെ ശ്രേഷ്ഠമാക്കുന്നത്.  രണ്ട് സമയങ്ങളിലായി വരുന്ന  രണ്ട് സംഘങ്ങളും വലിയ അമ്പലത്തിൽ എത്തി വെളിച്ചപ്പാട് തുള്ളി ദേഹഹിതം പറഞ്ഞാണ്  പിരിയുന്നത്.  പേട്ട തുള്ളലിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ ജി. സുദർശനൻ , അഡ്വ. എ അജി കുമാർ , തിരുവാഭരണ കമ്മീഷൻ സുനില , ദേവസ്വം സെക്രട്ടറി  ജി.ബൈജു , ദേവസ്വം ബോർഡ് കമ്മീഷണർ പി എൻ രാമൻ, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ പി ദിലീപ് കുമാർ , അസി. കമ്മീഷണർ ജി. ഗോപകുമാർ , എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ എം എൻ , എം പി ആന്റോ ആന്റണി, എം എൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ , എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി , കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി  എം . അനിൽ കുമാർ , മറ്റ് ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ സംഘടന പ്രതിനിധികൾ , എന്നിവർ പേട്ട തുള്ളലിനെ അനുഗമിച്ചു.