Saturday, April 27, 2024
Local NewsNews

എരുമേലിയില്‍ വീണ്ടും വന്യ ജീവി ആക്രമണം; ആടിനേയും – പട്ടിയേയും കൊന്നു

എരുമേലി: ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ ഇരുമ്പൂന്നിക്കര ആശാന്‍ കോളനിക്ക് സമീപം വീണ്ടും വന്യ ജീവി ആക്രമണം. ആടിനേയും – പട്ടിയേയും കൊന്നു. ആശാന്‍ കോളനി തൈപ്ലാക്കല്‍ അനില്‍ കുമാര്‍ വളര്‍ത്തുന്ന മൂന്ന് ആടുകളില്‍ ഒരെണ്ണത്തിനെയാണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് വെളുപ്പിനെ 3.30 ഓടെയാണ് വീടിന് സമീപത്തുള്ള കൂട്ടില്‍ നിന്നും ആടിനെ ആക്രമിച്ചത്.  ആടിന്റെ

കരച്ചില്‍ കേട്ട് വീട്ടുകാര്‍ ലൈറ്റ് ഇട്ട് വന്നപ്പോള്‍ത്തേക്കും വന്യ ജീവി ഓടിയതായും അനില്‍ കുമാര്‍ പറഞ്ഞു. കൂട്ടില്‍ നിന്നും പിടിച്ച ആടിനെ കൂടിന് സമീപത്തു തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ആടിന്റെ കഴുത്തിനാണ് പരിക്കുള്ളത്. ഇന്നലെ സമീപവാസികളായ ജയകുമാര്‍ പതാപറമ്പില്‍, ഷിബു തടത്തേല്‍ എന്നിവരുടെ വളര്‍ത്തുനായ്ക്കളെ വന്യ ജീവി ആക്രമിച്ച് കൊന്നിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി. ആര്‍ ജയന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ആട്ടിന്‍ കൂടിന് സമീപം ക്യാമറ സ്ഥാപിച്ചു.

ആടിനെ ആക്രമിച്ചത് പുലിയല്ലെന്നും അദ്ദേഹം പറഞ്ഞു. വനാതിര്‍ത്തി മേഖലയില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യ ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ മല അരയ മഹാസഭയുടെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും മറ്റ് ഉയര്‍ന്ന അധികാരികള്‍ക്കും പരാതി നല്‍കിയതായും പി ആര്‍ രാജീവ് പറഞ്ഞു. കഴിഞ്ഞ ദിവസം മൂക്കന്‍പ്പെട്ടിയിലും, കീരിത്തോട്ടിലും വന്യജീവിയുടെ ആക്രമണം ഉണ്ടായിരുന്നു.