Thursday, May 2, 2024
keralaNews

എരുമേലിയില്‍ പുതിയ കെട്ടിട നിര്‍മ്മാണം ഇന്ന് തുടങ്ങി

എരുമേലി:എരുമേലി ഇടത്താവളം പദ്ധതിയുടെ ഭാഗമായി കിഫ് ബിയുടെ ധനസഹായത്തോടെ എരുമേലി ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നിലച്ചതിന് കാരണം കരാറുകാര്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. അനന്തഗോപന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ട് പിന്നാലെ ഇന്ന് രാവിലെ പുതിയ കെട്ടിട നിര്‍മ്മാണം തുടങ്ങി.ശബരിമല തീര്‍ത്ഥാടകര്‍ക്കായി 14 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപ നല്‍കിയിട്ടും കെട്ടിടം പണി തുടങ്ങാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.കെട്ടിടത്തിന്റെ നിര്‍മ്മാണം ഏല്പിച്ച എംബിസിസി എന്ന ഏജന്‍സി കെട്ടിടത്തിന്റെ നിര്‍മ്മാണം ഉപകരാറുകാരനെ ഏല്‍പ്പിച്ചുവെന്നും ഇവര്‍ തമ്മിലുള്ള പണമിടപാടിലെ തര്‍ക്കമാണ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണമായതെന്നും കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ എരുമേലിയിലെത്തിയ പ്രസിഡന്റ് പറഞ്ഞു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വൈകുന്നതിനെതിരെ ഇന്നലെ കേരള ബ്രേക്കിംഗ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് ലക്ഷക്കണിന് തീര്‍ത്ഥാടകര്‍ വിരിവയ്ക്കുന്ന നാലോളം ഷെല്‍ട്ടറുകള്‍, വിഐപികള്‍ അടക്കം ക്ഷേത്രത്തിലെ ജീവക്കാര്‍ താമസിച്ചിരുന്ന കെട്ടിടവുമാണ് പൊളിച്ചു മാറ്റിയത്.
പാര്‍ക്കിംഗ്, ഡോര്‍മെറ്ററി മുറികള്‍, ശൗചാലയം,ഹാള്‍, മെസ്,16 മുറികള്‍, പാര്‍ക്കിംഗ്, തുടങ്ങിയവ നിര്‍മ്മിക്കാനായി 14 കോടി രൂപയാണ് കിഫ്ബി നല്‍കാന്‍ തീരുമാനിച്ചത് ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും കഴിഞ്ഞ ഏപ്രില്‍ 18 ന് നിര്‍മ്മാണത്തിന് തറക്കല്ല് ഇട്ട ദേവസ്വം മന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ കനത്ത മഴയും-വെള്ളപ്പൊക്കവുമൂലമാണ് പണി വൈകിയതെന്നും പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നയാള്‍ പറഞ്ഞു.എന്നാല്‍ കെട്ടിടം നിര്‍മ്മാണത്തിന് പ്രാദേശിക നിര്‍മ്മാണ തൊഴിലാളികളെ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞുവെങ്കിലും ഇന്ന് പണി തുടങ്ങിയപ്പോള്‍ തൊഴിലാളികളെ ഇറക്കിയില്ല. ഇതിനെതിരെ വിവിധ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചെ ചെയ്തു കൊണ്ടിരിക്കുകയാണ്. യൂണിയനുകളുടെ ആവശ്യം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും മറുപടി വന്നാലുടന്‍ തൊഴിലാളികളെ പണിക്ക് ഇറക്കുമെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു.