Wednesday, May 15, 2024
keralaNews

ആരോഗ്യമന്ത്രി വീണ ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സ്‌ക്രീനില്‍ കണ്ടത് കെകെ ശൈലജയുടെ മുഖം ; മറ്റ് മന്ത്രിമാര്‍ സത്യവാചകം ചൊല്ലുമ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത് ജീവിത പങ്കാളികളുടെ ദൃശ്യം

മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ സാധാരണയായി അവരുടെ ജീവിതപങ്കാളികളുടെയോ കുടുംബാംഗങ്ങളുടെയോ ദൃശ്യങ്ങളും പാര്‍ട്ടിക്കായി തയ്യാറാക്കിയ ദൃശ്യങ്ങളോ ആണ് സ്ഥലത്തെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മറ്റ് മന്ത്രിമാര്‍ സത്യവാചകം ചൊല്ലുമ്പോഴും തെളിഞ്ഞത് അതാണ്. എന്നാല്‍ ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിടെ തെളിഞ്ഞത് മന്ത്രിയുടെ ഭര്‍ത്താവിന്റെ ദൃശ്യം മാത്രമല്ല. ചടങ്ങ് കാണുകയായിരുന്ന മന്ത്രിയുടെ മുന്‍ഗാമിയായ കെ.കെ ശൈലജയുടെ ദൃശ്യങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ മുന്‍ മന്ത്രിമാരെ അഭിവാദ്യം ചെയ്താണ് വേദിയിലേക്ക് നടന്നത്. മുന്നിലിരുന്ന കെ.ടി ജലീലിനെ നോക്കി വണങ്ങിയ മുഖ്യമന്ത്രി എന്നാല്‍ തൊട്ടടുത്തിരുന്ന കെ.കെ ശൈലജയ്ക്ക് മുഖം കൊടുക്കാതെ നടന്നുനീങ്ങി. ശൈലജ വണങ്ങിയെങ്കിലും മുഖ്യമന്ത്രി അത് കണ്ടില്ല.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് മന്ത്രി പി. പ്രസാദ് സത്യപ്രതിജ്ഞ ചെയ്തത്. സ്വന്തം മണ്ഡലത്തില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യാനുളള ഭാഗ്യം ആന്റണി രാജുവിനും സ്വന്തം പിറന്നാള്‍ ദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അവസരം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ലഭിച്ചു.

കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടന്ന ചടങ്ങില്‍ എന്നാല്‍ പൂര്‍ണമായും പ്രോട്ടോകോള്‍ പാലിച്ച് മാസ്‌കും ഗ്‌ളൗസും ധരിച്ചെത്തിയത് സിപിഐ മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും കെ.രാജനും മാത്രമാണ്. കുടുംബാംഗങ്ങളെയല്ലാം മന്ത്രിമാരാരും കൊണ്ടുവന്നില്ല. ജീവിതപങ്കാളിയെ മാത്രമാണ് ചടങ്ങിന് കൊണ്ടുവന്നത്. മന്ത്രി വി. അബ്ദുറഹ്‌മാന്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ ജീവിത പങ്കാളികള്‍ വീട്ടിലിരുന്നാണ് ചടങ്ങ് കണ്ടത്.

പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവരെല്ലാം വീട്ടിലിരുന്ന് വെര്‍ച്വലായാണ് സത്യപ്രതിജ്ഞ കണ്ടത്. എന്നാല്‍ എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളും പുതുതായി അധികാരമേറ്റ സര്‍ക്കാരിന് ആശംസകളേകുകയും ചെയ്തു.