Friday, May 3, 2024
keralaLocal NewsNews

എരുമേലിയില്‍ പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശുചീകരണ ബോധവത്ക്കരണ പരിപാടിയുടെ സമാപനം കുറിച്ചു കൊണ്ട്‌ എരുമേലിയില്‍ പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു. കഴിഞ്ഞ 11 വര്‍ഷം മുമ്പ് ഐ.ജി. പി വിജയന്‍ ഐ പി എസ് തുടങ്ങി വച്ച പുണ്യം പൂങ്കാവനം പദ്ധതിയാണ് ഇന്ന് ജനകീയ പദ്ധതിയായി മാറിയിരിക്കുന്നത്. എരുമേലി അസംപ്ഷന്‍ ഫെറോന പള്ളി പാരീസ് ഹാളില്‍ നടന്ന പരിപാടി പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. പുണ്യം പൂങ്കാവനത്തിന്റെ പ്രവര്‍ത്തനവും – നേതൃത്വവും സമൂഹത്തിന് മാതൃകയാണെന്നും എം എല്‍ എ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതു മാത്രമല്ല സാമൂഹിക പരിവര്‍ത്തനത്തിനും പോലീസ് പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ നന്മയെന്നും അദ്ദേഹം പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി, എന്‍. ബാബുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍, കോളേജുകള്‍, അയ്യപ്പഭക്ത സംഘടനകള്‍, വ്യാപാരികള്‍, ദേവസ്വം ബോര്‍ഡ്, ജമാത്ത്, ജനപ്രതിനിധികള്‍, എരുമേലി മീഡിയ സെന്റര്‍, വിശുദ്ധിസേന, റസിഡന്‍സികള്‍ തുടങ്ങിയ സംഘടന പ്രതിനിധികളെ ആദരിച്ചു. പുണ്യം പൂങ്കാവനം ജില്ല കോഡിനേറ്റര്‍ റിട്ടേ. എ എസ് പി ജി. അശോക് കുമാര്‍, എരുമേലി കോഡിനേറ്റര്‍ റിട്ടേ. എസ്. ഐ, എം എസ് ഷിബു, എസ് എച്ച് ഒ മനോജ് മാത്യു, എസ്.ഐ, എം.എസ് അനീഷ്, ജനപ്രതിനിധികളായ റ്റി.എസ് കൃഷ്ണകുമാര്‍, നാസര്‍ പനച്ചി, ജി. ബൈജു, പി.എ ഇര്‍ഷാദ്, മുജീബ് റഹ്‌മാന്‍, എസ്. മനോജ് തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.