Friday, April 19, 2024
indiakeralaNews

അഗ്‌നിപഥ് റിക്രൂട്ട്മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി.

ന്യൂഡല്‍ഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക. അഗ്‌നിവീറുകളുടെ നിയമനം, സേവന വ്യവസ്ഥകള്‍, എന്നിവയെല്ലാം വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.നാല് വര്‍ഷത്തെ സേവനമാണ് അഗ്‌നിവീറുകള്‍ക്ക് ഉണ്ടാകുക. നിലവിലെ റാങ്ക് വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി സേനയില്‍ പ്രത്യേക റാങ്ക് അഗ്‌നിവീറുകള്‍ക്ക് നല്‍കും. നാല് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന അഗ്‌നിവീറുകളില്‍ 25 ശതമാനം പേര്‍ക്ക് പുനര്‍നിയമനം ലഭിക്കുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 വര്‍ഷത്തേക്ക് കൂടി സേനയില്‍ നിയമനം ലഭിക്കും.

ആരംഭഘട്ടത്തില്‍ 30,000 രൂപയായിരിക്കും പ്രതിമാസ ശമ്പളം. ഇത് 40,000 രൂപ വരെ ക്രമാനുഗതമായി ഉയരും. പ്രതിവര്‍ഷം 30 ദിവസം ആനുവല്‍ ലീവും ഡോക്ടറുടെ നിര്‍ദേശാനുസരണം സിക്ക് ലീവും കിട്ടുന്നതാണ്. 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പാക്കേജും അഗ്‌നിവീറുകള്‍ക്കുണ്ട്.
നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ സേവാനിധി പാക്കേജ് പ്രകാരം 12 ലക്ഷം രൂപയോളം അഗ്‌നിവീറുകള്‍ക്ക് ലഭിക്കും. പത്താം ക്ലാസ് പാസായതിന് ശേഷം റിക്രൂട്ട് ചെയ്യപ്പെട്ടവരാണെങ്കില്‍ നാല് വര്‍ഷത്തെ സൈനികസേവനത്തിന് ശേഷം ഇവര്‍ക്ക് 12-ാം ക്ലാസിന് തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.17.5നും 23നും ഇടയില്‍ പ്രായമുള്ള 10-ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി 19 പേജുള്ള വിജ്ഞാപനമാണ് കരസേന പുറത്തിറക്കിയിരിക്കുന്നത്. joinindianarmy.nic.in എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.