Saturday, April 27, 2024
keralaNews

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മലയാളി ഉദ്യോഗസ്ഥനു സ്ഥലം മാറ്റം.

കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മലയാളി ഉദ്യോഗസ്ഥനു സ്ഥലം മാറ്റം. കേസുകളുടെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനാണു സ്ഥലം മാറ്റം. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്തു കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ കേസിന്റെ തുടര്‍ നടപടികള്‍ക്ക് നിലവില്‍ കൊച്ചിയിലുള്ള ജോയിന്റ് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും.സ്വപ്ന സുരേഷിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകളുടെയും രഹസ്യ മൊഴിയുടെയും പശ്ചാത്തലത്തില്‍ ഇഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീളാനുള്ള സാധ്യതയുണ്ടെന്നു വിലയിരുത്തുന്നു. കേസുകളുടെ തുടര്‍ നടപടികള്‍ കര്‍ണാടകയിലേക്കു മാറ്റണം എന്ന ആവശ്യം ഇതിനിടെ ഉയര്‍ത്തിയിട്ടുണ്ട്. ഇതേ ആവശ്യവുമായി ഇഡി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
കേസ് കേരളത്തില്‍ തുടരുന്ന സാഹചര്യത്തില്‍ അന്വേഷണം തടസപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടാകുമെന്നാണ് ഇഡി വിലയിരുത്തുന്നത്. നേരത്തെ കേസ് അന്വേഷണത്തിനിടെ അന്വേഷണ സംഘത്തിനെതിരെ പൊലീസ് കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിരുന്നു. നിലവില്‍ അന്വേഷണം വിപുലമാക്കുമ്പോള്‍ മലയാളി ഉദ്യോഗസ്ഥനു നേരെ സമാനമായ ആരോപണങ്ങളും പരാതികളും ഉയരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് സ്ഥലംമാറ്റം എന്നും വിലയിരുത്തുന്നുണ്ട്.