Thursday, May 2, 2024
keralaNewspolitics

സംസ്ഥാനത്ത് 15 ജലവൈദ്യുതി പദ്ധതികളാണ് പ്രതിഷേധം കാരണം നടക്കാതെ പോയത് വൈദ്യുതി വകുപ്പുമന്ത്രി

തൃശൂര്‍: ആതിരപ്പള്ളി പദ്ധതിയടക്കം സംസ്ഥാനത്ത് 15 ജലവൈദ്യുതി പദ്ധതികളാണ് ജനങ്ങളുടെ പ്രതിഷേധം കാരണം നടക്കാതെ പോയതെന്ന് വൈദ്യുതി വകുപ്പുമന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കെഎസ്ഇബിയുടെ തന്നെ തെറ്റായ നടപടികളിലുടെയുണ്ടായ പ്രളയത്തെ ഇത്തരം ഡാമുകളിലുടെ ഇല്ലാതാക്കാമെന്ന പ്രതീക്ഷ നല്‍കി ജനങ്ങളിലുള്ള

പ്രതിഷേധത്തെ തണുപ്പിക്കാനാണ് മന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും ലക്ഷ്യം. ഈ ജലവൈദ്യുത പദ്ധതിയെ വിടാതെ പിന്തുടരുകയാണ് ഇതുവരെയുള്ള സര്‍ക്കാരുകളെല്ലാം. കഴിഞ്ഞ 22 വര്‍ഷത്തോളമായി കേരളം ഭരിച്ചിരുന്ന എല്ലാ സര്‍ക്കാരുകളും നടപ്പാക്കാന്‍ നോക്കിയ ഒരു പദ്ധതിയാണ് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. അറുപതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് സര്‍വ്വെ നടത്തിയ ജലവൈദ്യുതി പദ്ധതിയാണ് ആതിരപ്പള്ളി. വാഴച്ചാല്‍ വെള്ളചാട്ടത്തിന് 400 മീറ്റര്‍ മുകളിലായി                      ഒരു ഡാം പണിത് വെള്ളം സംഭരിച്ച് രണ്ട് രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

ഡാമിന് തൊട്ടുതാഴെ പവര്‍ പ്ലാന്റില്‍ വൈദ്യുതി ഉല്‍പാദിപിച്ച് ആതിരപ്പിള്ളി വെള്ളചാട്ടത്തിലേക്ക് ജലം ഒഴുക്കും. ടണല്‍ വഴി കൊണ്ടുവന്ന് മറ്റൊരു സ്ഥലത്ത് വൈദ്യുതി ഉത്പാദിപിച്ച് തിരികെ ചാലക്കുടി പുഴയിലേക്ക് തന്നെ ജലം ഒഴുക്കുന്നു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെ വെള്ളച്ചാട്ടം നിലനിര്‍ത്തുകയും രാത്രിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ വിജയകരമായ സാദ്ധ്യതയെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരിലുള്ള അഭിപ്രായം.163 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 26.2 ഹെക്ടര്‍ വനഭൂമി മാത്രമെ ജലത്തിനടിയിലാവുന്നുള്ളു എന്നാണ് ഈ പദ്ധതിയുമായി രംഗത്തുള്ളളവര്‍ വാദിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1997 മാര്‍ച്ച് ആദ്യ വാരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പ്രാരംഭ അനുമതി നല്‍കി. വൈദ്യുതി വകുപ്പിന് പാരിസ്ഥിതികാനുമതി ലഭിച്ച ആദ്യ പദ്ധതിയായിരുന്നു ഇത്. അന്ന് വൈദ്യുതി മന്ത്രി ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു. പദ്ധതി എങ്ങിനേയും നടപ്പാക്കുകയെന്ന ലക്ഷ്യവുമായി പതിറ്റാണ്ടുകളായി നിലകൊള്ളുന്ന കെഎസ്ഇബിക്ക് പിന്നാലെ സര്‍ക്കാരും പിടിവാശിയില്‍ തന്നെയാണ്.