Sunday, May 5, 2024
keralaNewsUncategorized

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72 കാരന് 65 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

പാലക്കാട്: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 72 കാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശിയായ അപ്പുവിനെയാണ് പട്ടാമ്പി പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 65 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ഇരുപത് വര്‍ഷം വീതം മൂന്നു വകുപ്പുകളിലായി 60 വര്‍ഷവും മറ്റു രണ്ടു വകുപ്പുകളിലായി 5 വര്‍ഷവുമാണ് തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷമേ പ്രതിക്ക് തടവില്‍ കഴിയേണ്ടതുള്ളു.

 

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ വീട്ടിലെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്.

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും വിധിയായി.