Friday, May 10, 2024
keralaNewsUncategorized

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്‌കൂട്ടറില്‍ ഒരാള്‍ വന്ന് പടക്കമെറിഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെിന് നേരെ കഴിഞ്ഞ ജൂലൈ 30 ന് രാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. എകെജി സെന്ററിലുണ്ടായിരുന്ന പി കെ ശ്രീമതിയുടെ വിവരണവും ആക്രമണം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിയാരെന്ന് സ്വയം വിധിയെഴുതിയ സംഭവവും കൂടുതല്‍ ചര്‍ച്ചയായിരുന്നു. രാത്രി തന്നെ ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തിയിരുന്നു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡല്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.ഒടുവില്‍ എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരില്‍ അഞ്ച് പേര്‍ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്‌ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാര്‍ പോലും അറിഞ്ഞില്ലെന്നാണ് മൊഴി. അന്വേഷണം ബോധപൂര്‍വ്വം മുക്കിയെന്ന ആക്ഷേപവും സര്‍ക്കാരിനെയും പൊലീസിനെയും കൂടുതല്‍ വെട്ടിലാക്കി. സംഭവ ദിവസം എകെജി സെന്ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതല്‍ പൊലീസ് സംശയിച്ചു. പക്ഷെ തട്ടുകടക്കാരന്റെ പ്രാദേശിക സിപിഎം ബന്ധം ഫോണ്‍ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിര്‍ത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.