Friday, May 17, 2024
indiakeralaNews

പ്രപോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ് 106 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ദില്ലിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്. 106 പേര്‍ കസ്റ്റഡിയില്‍. പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡിന് നടത്തുന്നത്. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദീന്‍ എളമരം അടക്കമുള്ള നേതാക്കള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് എന്‍ഐഎ നടപടി. റെയ്ഡിനെതിരെ ഓഫീസുകള്‍ക്ക് മുന്നിലും നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിന്റെ പ്രതികരണം.ഇന്ന് പുലര്‍ച്ചെയാണ് പോപ്പുലഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ രാജ്യവ്യാപകമായി എന്‍ഐഎ നടത്തുന്ന റെയിഡുകളില്‍ ഇതുവരെ 106 പേര്‍ അറസ്റ്റിലായതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എന്‍ഐഎ വ്യാപക റെയിഡ് നടത്തിയത്. കേരളത്തില്‍ നിന്ന് 22 പേരെയും, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി 20 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്‌ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എന്‍ഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലും മൂന്ന് ബുക്കുകളും 6 ലഘുലേഖ എന്നിവയാണ് എന്‍ഐഎ എടുത്തതെന്നാണ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഷീദ് വിശദീകരിച്ചത്. മലപ്പുറത്തെ വീടുകളില്‍ നിന്നാണ് പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരിയില്‍ റോഡ് ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.തൃശൂര്‍ ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിപി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. പി കെ ഉസ്മാനെ കസ്റ്റഡിയില്‍ എടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കോഴിക്കോട്ട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും കൊടുവള്ളിയില്‍ മുന്‍ സിഡന്റ് സാദിഖ് മുഹമ്മദ് ന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുള്‍ റഹ്‌മാന്റെ വീട്ടിലും പരിശോധനയുണ്ടായി. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. എന്‍ ഐ എ യ്ക്ക് എതിരെ പ്രവര്‍ത്തകര്‍ സ്ഥലത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.