Thursday, May 2, 2024
keralaLocal NewsNews

ഉരുള്‍പൊട്ടല്‍ നേരിടുന്നതിനായി തുമരംപാറയില്‍ ദുരന്ത നിവാരണ അതോറട്ടിയുടെ മോക്ഡ്രില്‍ നടന്നു

എരുമേലി: ഉരുള്‍ പൊട്ടലില്‍ അങ്കണവാടി തകര്‍ന്നു , കുട്ടികള്‍ അപകടത്തില്‍പ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, മരങ്ങള്‍ കടപുഴകി വീണു തുടങ്ങി ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ നേരിടുന്നതിനായി സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന കാര്യക്ഷമത വിലയിരുത്തുന്നതിന് സംസ്ഥാന – ജില്ലാ ദുരന്തനിവാരണ അതോററ്റിയുടെ ആഭിമുഖ്യത്തില്‍ എരുമേലി തുമരംപാറയില്‍ മോക്ഡ്രില്‍ നടന്നു.

ഗ്രാമ പഞ്ചായത്ത്, പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പ് റവന്യൂവകുപ്പ് , സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍. നന്മ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലും വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ ഏകോപനത്തിലൂടെയും ഇന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് എരുമേലി തുമരംപാറ ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂളിലാണ് മോക്ഡ്രില്‍ നടത്തിയത്. ഉരുള്‍പൊട്ടല്‍ ഉണ്ടായിയെന്ന വിവരം ലഭിക്കുന്ന സമയത്ത് ഓടിയെത്തുന്ന പൊലീസ്,റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്ന സുരക്ഷ ക്രമീകരണങ്ങളാണ് ഇതിലൂടെ ഒരുക്കിയത്.

ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ ഒരാളെ സമീപത്തുള്ള മുക്കൂട്ടുതറ അസീസ്സി ആശുപത്രിയിലെത്തിക്കുന്നതും,പ്രദേശത്തെ ആളുകളെ സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും,ദുരിതാശ്വാസ ക്യാമ്പ് , അപകടം പറ്റുന്നവരെ ചികിത്സിക്കുന്ന രീതികള്‍, ആംബുലന്‍സ് സൗകര്യം,ആശുപത്രിയില്‍ എത്തിക്കുന്നതടക്കം സുരക്ഷാ സംവിധാനങ്ങളുടെ മാതൃകയാണ് ഒരുക്കിയത്.കോവിഡ് ടെസ്റ്റ് നടത്തുന്നതടക്കമുള്ള സംവിധാനങ്ങളും ക്യാമ്പില്‍ ഒരുക്കിയിരുന്നു. മരണം സ്ഥീരികരിക്കപ്പെടുന്നവര്‍,  പരിക്കുപറ്റിയവര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ , കണ്‍ട്രോള്‍ റൂം അടക്കം രക്ഷാദൗത്യത്തിനെത്തിച്ചേരാനുള്ള റൂട്ട് മാപ്പ് തയ്യാറാക്കിയുള്ള ക്രിത്യതയാര്‍ന്ന പരിപാടിയാണ് ഒരുക്കിയത്.പഞ്ചായത്തിന്റെ 10 – വാര്‍ഡായ തുമരംപാറയില്‍ അപ്രതീക്ഷിതമായി പോലീസും – ഫയര്‍ ഫോഴ്‌സും – ആരോഗ്യ വകുപ്പ് – ആംബുലന്‍സുകള്‍ വാഹനങ്ങള്‍ മിന്നല്‍ വേഗത്തില്‍ എത്തിയത് ജനങ്ങളെ ആദ്യം പരിഭ്രാന്തിയിലാഴ്ത്തി . ഭയപ്പെട്ടു പോയ സ്ത്രീകളും – പുരുഷന്‍മാരും – കുട്ടികളുമടക്കം നിരവധി പേര്‍ റോഡില്‍ ഇറങ്ങി .

ചിലര്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി, ഇരുചക്ര വാഹനത്തില്‍ വന്ന യുവാവ് വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയതും കാണാമായിരുന്നു. തുമരംപാറയില്‍ നിന്നും മുക്കൂട്ടുതറ റോഡ് വഴി ചപ്പാത്തില്‍ നിന്നും ഇടുങ്ങിയ റോഡില്‍ക്കൂടി തുമരംപാറ എല്‍ പി സ്‌കൂള്‍ മൈതാനത്ത് എത്തിയുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തത്. എന്നാല്‍ സംഭവം എന്താണെന്ന് മനസിലായതോടെയാണ് ജനങ്ങളുടെ ആശങ്കയും മാറിയത് . കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, വിവിധ വകുപ്പുകളുടെ ഏകോപനത്തിനും മോണിറ്ററിംഗിനുമായി സംസ്ഥാനതലത്തില്‍ വിവരങ്ങള്‍ എത്തിക്കുന്നതിന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും കുറഞ്ഞ സമയത്തില്‍ പ്രവര്‍ത്തിച്ചു.

മോക്ഡ്രില്‍ ദൗത്യത്തിന് ജില്ലാ ഇന്‍സിഡന്റ് കമാന്‍ഡിംഗ് ഓഫീസര്‍ ജില്ല എഡിഎം ജിനു പുന്നൂസ്,കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി . എന്‍. ബാബുക്കുട്ടന്‍, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, വൈസ് പ്രസിഡന്റ് അനുശ്രീ സാബു , തഹസീല്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ വര്‍ഗ്ഗീസ് ജോസഫ്,എരുമേലി പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും, ആരോഗ്യ വകുപ്പ് എരുമേലി ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി,ഡോക്ടര്‍ ചിഞ്ചു, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.