Friday, April 19, 2024
keralaNews

ഗുരുവായൂര്‍ മേല്‍ശാന്തിയായി ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയ്ക്കല്‍ ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയെ (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ദേവിക അന്തര്‍ജനത്തിന്റെയും മകനാണ്. ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ബികോം ബിരുദധാരിയായ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ്.മേല്‍ശാന്തിയാകാന്‍ 39 പേരാണ് അപേക്ഷിച്ചത്. ഇന്നലെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നടത്തിയ അഭിമുഖത്തിന് 36 പേരാണ് എത്തിയത്. ഇവരില്‍ 33 പേര്‍ യോഗ്യത നേടി.

ക്ഷേത്രത്തില്‍ ഉച്ചപ്പൂജയ്ക്കു ശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. നമസ്‌കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് ഇപ്പോഴത്തെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരി നറുക്കെടുപ്പ് നടത്തി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതിയംഗം കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 12 ദിവസത്തെ ഭജനത്തിന് ശേഷം പുതിയ മേല്‍ശാന്തി 31ന് രാത്രി ചുമതലയേല്‍ക്കും.