Tuesday, May 7, 2024
keralaNewspolitics

ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവ് : രാഹുല്‍ ഗാന്ധി

മലപ്പുറം: രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്ന് വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് ഇടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവാണ്. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മന്‍ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചുവെന്നും രാഹുല്‍ പറഞ്ഞു. മലപ്പുറത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ അസുഖ ബാധിതന്‍ ആയിട്ടും ഉമ്മന്‍ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാന്‍ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാന്‍ താന്‍ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാന്‍ നടന്നു. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാന്‍ ഇത് വരെ കേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.