Wednesday, May 15, 2024
keralaNews

ജനനം മുതല്‍ പോരാടി വിജയിച്ചവള്‍ ഇനി “‘അജയ”

കോട്ടയം മെഡിക്കല്‍ കോളജിലെ കുഞ്ഞ് ഇനി അജയ എന്ന് അറിയപ്പെടും. കുഞ്ഞിനെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച എസ്‌ഐ ടി.എസ്.റെനീഷ് നിര്‍ദേശിച്ച പേര് കുടുംബം സ്വീകരിച്ചു.അമ്മ അശ്വതിയും അജയയും ഇന്ന് ആശുപത്രി വിടും.ജനിച്ച് 24 മണിക്കൂറിനുള്ളില്‍ അവള്‍ക്ക് നേരിടേണ്ടി വന്നത് വലിയ പരീക്ഷണം. അമ്മയില്‍ നിന്ന് അടര്‍ത്തിമാറ്റപെട്ടെങ്കിലും നിമിഷങ്ങള്‍ക്കകം അവള്‍ അമ്മയുടെ മടിത്തട്ടിലെത്തി. അതിജീവനത്തിന് അകമ്പടിയായത് ഒരു നാടിന്റെ കരുതലും പ്രാര്‍ഥനകളും. ജനനം മുതല്‍ പോരാടി വിജയിച്ചവള്‍ അജയ.അതിജീവിച്ചവള്‍ എന്ന അര്‍ഥത്തിലാണു അജയ എന്ന പേരിട്ടതെന്നു കുട്ടിയുടെ അച്ഛന്‍ എസ്.ശ്രീജിത്ത് പറഞ്ഞു.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്ന് കുഞ്ഞിന്റെ അമ്മ അശ്വതി ആശുപത്രിയിലെത്തിയ മന്ത്രി വീണ ജോര്‍ജിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ആശുപത്രിയിലുണ്ടായ വീഴ്ച സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇന്ന് മെഡിക്കല്‍ കോളേജിലെത്തും. കോട്ടയം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ.പി രഞ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും ആരംഭിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സൂപ്രണ്ടിന് കൈമാറും. ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടയിട്ടില്ലെന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതി നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.