Monday, April 29, 2024
indiaNews

ഉത്സവ സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണു ആറ് ഭീകരര്‍

ഉത്സവ സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണു ആറ് ഭീകരര്‍ ആസൂത്രണങ്ങള്‍ നടത്തിയതെന്നു വിവരം. ഇവരെയാണ് ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ പിടികൂടിയത്. പിടിയിലായവരില്‍ രണ്ടു പേര്‍ പാക്കിസ്ഥാനില്‍ പരിശീലനം കഴിഞ്ഞെത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ ഏജന്‍സികളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയത്.ചൊവ്വാഴ്ച രാവിലെ രാജസ്ഥാനിലെ കോട്ടയില്‍നിന്ന് ഒരു ഭീകരനെ പിടികൂടി. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹകരണത്തോടെ മൂന്ന് പേരെ കണ്ടെത്തി. മറ്റു രണ്ടു പേരെ ഡല്‍ഹിയില്‍നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷല്‍ സെല്‍ ഉന്നത ഉദ്യോഗസ്ഥന്‍ നീരജ് താക്കൂര്‍ പ്രതികരിച്ചു. മുംബൈ സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്ഖ് (47), ഡല്‍ഹി സ്വദേശി ഒസാമ(22), റായ്ബറേലിയില്‍നിന്നുള്ള മൂല്‍ചന്ദ് (47), പ്രയാഗ്‌രാജില്‍നിന്നുള്ള സീഷാന്‍ കമര്‍ (28), ബറൈച്ച് സ്വദേശി മുഹമ്മദ് അബൂബക്കര്‍ (23), ലക്‌നൗ സ്വദേശി മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും രണ്ട് ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ഒരു കിലോ ആര്‍ഡിഎക്‌സ്, ഇറ്റാലിയന്‍ നിര്‍മിത തോക്ക് എന്നിവ പിടിച്ചെടുത്തു.ഭീകരരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഒസാമ, കമര്‍ എന്നിവര്‍ മസ്‌കറ്റില്‍നിന്ന് ബോട്ട് വഴി പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയെന്നാണു അന്വേഷണ സംഘത്തില്‍നിന്നു ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ ഫാം ഹൗസില്‍ 15 ദിവസം താമസിച്ച ഭീകരര്‍ ആയുധ പരിശീലനവും നടത്തി. പാക്ക് പിന്തുണയുള്ള ഭീകരര്‍ രാജ്യത്ത് സ്‌ഫോടനം നടത്താന്‍ ശ്രമിക്കുന്നെന്ന വിവരമാണു അന്വേഷണ സംഘത്തിന് ലഭിച്ചത്. മുംബൈ, ലക്‌നൗ, പ്രയാഗ്‌രാജ്, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഒരുമിച്ചാണു വ്യത്യസ്ത സംഘങ്ങള്‍ പരിശോധന നടത്തിയത്. പിടിയിലായവരില്‍ ഷെയ്ഖ്, മൂല്‍ചന്ദ് എന്നിവര്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. ആയുധക്കടത്ത്, ഹവാല ഇടപാടിലൂടെ പണം കണ്ടെത്തല്‍ എന്നിവ കൈകാര്യം ചെയ്തത് ഇവരായിരുന്നു. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച രണ്ടു പേര്‍ക്കാണു സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.