Saturday, April 20, 2024
indiaNews

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ അവസാന ഘട്ടത്തില്‍..

ഇന്ത്യയിലെ കോവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പുരോഗതിയുണ്ടെന്ന് വിദഗ്ധ സമിതി. മൂന്ന് വാക്സിനുകളാണ് ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഒരെണ്ണം അവസാന കടമ്പയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഇന്നോ, നാളെയോ ഒരു വാക്സിന്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. മറ്റ് രണ്ടെണ്ണം ഒന്നുരണ്ടു ഘട്ടങ്ങളിലാണെന്നും വി കെ പോള്‍ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മൂന്ന് വാക്സിനുകള്‍ വികസന ഘട്ടത്തിലാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

രാജ്യത്ത് പരിശോധനകളുടെ എണ്ണം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 ലക്ഷത്തോളം പരിശോധനകളാണ് നടന്നത്. 8,99,000 പരിശോധനകള്‍ ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിദിനം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തിന് സമാനമാണ്.ശരാശരി 55000ല്‍ അധികം പേരാണ് പ്രതിദിനം ആശുപത്രി വിടുന്നത്. നിലവില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൊത്തം കോവിഡ് ബാധിതരുടെ 25 ശതമാനം മാത്രമാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. മരണനിരക്ക് രണ്ടുശതമാനത്തില്‍ താഴെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.