Thursday, May 9, 2024
indiaNews

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പുര്‍ ഉത്തരാഖണ്ഡ്, ബിജെപി മുന്നേറ്റം; പഞ്ചാബില്‍ എഎപി…

ന്യൂഡല്‍ഹി :അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങളില്‍ 200ലേറെ സീറ്റുകളില്‍ ബിജെപി മുന്നിലാണ്. സമാജ്വാദി പാര്‍ട്ടി 100ലേറെ സീറ്റില്‍ ലീഡ് ചെയ്യുന്നു.കടുത്ത മത്സരം നടന്ന പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപിയുടെ മുന്നേറ്റമാണു സംസ്ഥാനത്ത്. എഎപി 50ലേറെ സീറ്റികളില്‍ ലീഡ് ചെയ്യുമ്പോള്‍, കോണ്‍ഗ്രസ് 35ലേറെ സീറ്റിലും ശിരോമണി അകാലിദള്‍ 20 സീറ്റിലും മുന്നിലാണ്. ബിജെപി സഖ്യം 7 സീറ്റിലാണ് മുന്നില്‍. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടു മണ്ഡലങ്ങളിലും ലീഡ്‌ െചയ്യുന്നു. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരിന്ദര്‍ സിങ് പട്യാലയില്‍ പിന്നിലാണ്. അമൃത്സര്‍ ഈസ്റ്റില്‍ പിന്നിലായിരുന്ന കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു ലീഡ് തിരിച്ചുപിടിച്ചു. ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം.70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ ബിജെപി ഏറെ മുന്നിലാണ്. 40ലേറെ സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുന്നു. 24 സീറ്റിലാണു കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിലെ ശക്തമായ മത്സരത്തിനുശേഷമാണു കോണ്‍ഗ്രസ് പിന്നിലേക്കു പോയത്. മണിപ്പുരില്‍ 60 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. 25 സീറ്റുമായി ബിജെപി മുന്നിലാണ്. 14 സീറ്റുകളിലാണു കോണ്‍ഗ്രസ് മുന്നേറ്റം. എന്‍പിപി 12 സീറ്റില്‍ ലീഡ് ചെയ്യുന്നു.ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മുഖ്യ മത്സരം. 18 സീറ്റുകളില്‍ ലീഡെടുത്ത് ബിജെപിയാണു തൊട്ടുമുന്നില്‍. 10 സീറ്റുകളിലാണു കോണ്‍ഗ്രസ് മുന്നിലുള്ളത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായമായേക്കാവുന്ന തരത്തില്‍ 11 സ്വതന്ത്രരും ലീഡ് ചെയ്യുന്നു.