Sunday, May 5, 2024
keralaNews

ഈട്ടികൊള്ള: ഉദ്യോഗസ്ഥരെ കുടുക്കാന്‍ റിപ്പോര്‍ട്ട്; കൃഷി ഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കാന്‍ ശുപാര്‍ശ

വയനാട്ടിലെ ഈട്ടികൊള്ള പിടികൂടിയ വനം ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ കണ്‍സര്‍വേറ്റര്‍ തയ്യാറാക്കിയ തട്ടിക്കൂട്ട് റിപ്പോര്‍ട്ടില്‍ 300 ഏക്കറോളം കൃഷി ഭൂമി വ്യക്തികളില്‍ നിന്നു തിരികെ പിടിച്ച് വനഭൂമിയാക്കി മാറ്റണമെന്നും ശുപാര്‍ശ. പ്രമുഖ സിനിമാ സംവിധായകന്‍ രഞ്ജിത്തിന്റെയുള്‍പ്പെടെ കൈവശമുള്ള തോട്ടമാണ് വനഭൂമിയാക്കി മാറ്റണമെന്ന് കണ്‍സര്‍വേറ്റര്‍ നാലുദിവസം കൊണ്ട് റിപ്പോര്‍ട്ടുണ്ടാക്കിയത്. മരം മുറി വിവാദത്തില്‍ ഉള്‍പ്പെട്ട ഏലിക്കുട്ടി വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും ഈ ഭൂമിയി്ല്‍ നിന്ന് ഈട്ടിമരം മുറിക്കാന്‍ അനുവദിച്ച റേഞ്ച് ഓഫിസര്‍ വനം കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു എന്നും വരുത്താനായിരുന്നു കണ്‍സര്‍വേറ്ററുടെ ഉല്‍സാഹം.വയനാട് മണിക്കുന്ന് മലവാരത്തില്‍ പഴയ കോട്ടപ്പടി വില്ലേജിലെ 216 സര്‍വെ നമ്പറില്‍ പെട്ട 405 ഹെക്ടര്‍ ഭൂമി വനമാക്കുന്നതിന് വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ 283 ഹെക്ടര്‍ വനമാക്കി ഏറ്റെടുത്തിട്ടുണ്ട്. വനം വകുപ്പിന്റെ സര്‍വേയില്‍ അതില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇനിയും വനഭൂമി ഉണ്ടെന്നും 216 സര്‍വെ നമ്പറില്‍ വിവിധ സ്വകാര്യ വ്യക്തികള്‍ ഇതു കൈവശം വച്ചിട്ടുണ്ടെന്നുമാണ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഈട്ടിമരം കൊള്ളയെ കുറിച്ച് അന്വേഷിക്കാനാണ് കണ്‍സര്‍വേറ്റര്‍ വയനാട്ടില്‍ എത്തുന്നത്. ആ സംഭവം ഗൗരവത്തിലെടുക്കാതെ ഈട്ടിക്കൊള്ള പിടികൂടിയ റേഞ്ച് ഓഫിസര്‍ക്കെതിരെ തനിക്കു കിട്ടിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാലു ദിവസം കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു കണ്‍സര്‍വേറ്റര്‍ ചെയ്തത് എന്ന് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം കണ്‍സര്‍വേറ്ററുടെ നടപടിക്കെതിരെ കഴിഞ്ഞ 13ന് വനം മേധാവിക്കുള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയതാണെങ്കിലും ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. വനം മന്ത്രിയെ പോലും ഈ വിവരം അറിയിച്ചിട്ടുമില്ല. ഉന്നതരുടെ നിര്‍ദേശപ്രകാരം തന്നെയാണ് കണ്‍സര്‍വേറ്റര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നാണ് സൂചന. വനം വകുപ്പിനേക്കാള്‍ ഉപരിയായി മറ്റ് ഓഫിസുകളില്‍ നിന്നുള്ള ഇടപെടലുകളാണ് ഈ കള്ളക്കടത്തിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്.