Sunday, May 5, 2024
indiakeralaNews

ഇസ്രായേലില്‍ ഹമാസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

ഇസ്രായേലിലെ ഹമാസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള നടപടികള്‍ തുടങ്ങും. ഇന്ത്യന്‍ എംബസിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു.
സൗമ്യയുടെ മൃതദേഹം നിലവില്‍ ടെല്‍ അവിവിലെ ഫൊറെന്‍സിക് ലാബിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും ശ്രമം നടത്തുന്നുണ്ട്. ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് സിംഗ്ലയുമായി സംസാരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചിരുന്നു.
ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സൗമ്യ താമസിച്ചിരുന്ന വീട്ടിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. ഇതിനിടയില്‍ സുരക്ഷാ മുറിയിലേക്ക് മാറാന്‍ സമയം ലഭിച്ചില്ലെന്നാണ് വിവരം. കുറച്ച് സമയത്തിന് ശേഷം അവിടെയുള്ള ബന്ധുവാണ് മരണവിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചത്. ഏഴ് വര്‍ഷമായി ഇസ്രായേലിലുള്ള സൗമ്യ 2017ലാണ് അവസാനമായി നാട്ടില്‍ വന്നത്.