Monday, April 29, 2024
keralaNews

‘ഇസ്രയേലില്‍ യുദ്ധ സമാനമായ കാഴ്ച്ചകള്‍’; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് പരിഹരത്തിന് ദൂതനെ നിയോഗിച്ച് അമേരിക്ക. പ്രശ്‌ന പരിഹാരത്തിന് നാലംഗ അന്താരാഷ്ട്ര ക്വാര്‍ട്ടെറ്റിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇതിനിടെ, ഹമാസിന്റെ ഗാസ സിറ്റി കമാണ്ടര്‍ ബസേം ഇസ്സയെ ഇസ്രയേല്‍ വ്യോമാക്രണത്തിലൂടെ വധിച്ചു. ആക്രമണം അതി രൂക്ഷമായി കനത്തതോടെ പലസ്തീനില്‍ ഗര്‍ഭിണിയും 16 കുട്ടികളും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 65 ആയി. ഇസ്രയേലില്‍ 6 പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.

യുദ്ധ സമാന ദൃശ്യങ്ങളാണ് ഇസ്രയേലിലും പലസ്തീനിലും. ആക്രമണം കനത്തതോടെ മരണസംഖ്യ ഉയരുകയാണ്. ഗാസയില്‍ മൂന്നാമത്തെ ടവറും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതോടെ രണ്ടും കല്‍പ്പിച്ച് തിരിച്ചടിക്കുകയാണ് ഹമാസ്. ഇതിനോടകം അവര്‍ ഇസ്രയേല്‍ മണ്ണിലേക്ക് തൊടുത്തത് 1500ല്‍ ഏറെ റോക്കറ്റുകള്‍. ശക്തമായ മറുപടിയാണ് ഇസ്രയേലും നല്‍കുന്നത്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗാസ സിറ്റി കമാണ്ടര്‍ ബസേം ഇസ്സ കൊല്ലപ്പെട്ടു. ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചു.                                                                          ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇസ്സ. ഇതിനുപിന്നാലെ ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത് ആശങ്ക ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.