Friday, May 3, 2024
keralaNewsObituary

ഇലന്തൂരിലെ നരബലി കുറ്റകൃത്യം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍

എറണാകുളം: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കൊല കേസിലെ പ്രതികളുടെ കുറ്റകൃത്യം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവല്‍ സിംഗ് എന്നിവരെ 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. പ്രതികളെ 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് പൂര്‍ണമായി അംഗീകരിച്ചുകൊണ്ടായിരുന്നു 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും, കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ ഇനിയും പുറത്തുവരാന്‍ ഉണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു. 22 കാര്യങ്ങള്‍ സമര്‍ത്ഥിച്ചുകൊണ്ടായിരുന്നു പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്. ആഭിചാര കൊലയ്ക്ക് വേണ്ടി ഷാഫി മറ്റ് ജില്ലകളില്‍ നിന്നും സ്ത്രീകളെ എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസിന്റെ പ്രധാന ആവശ്യം. അതേസമയം പ്രോസിക്യൂഷന്റെ വാദങ്ങളെ പ്രതിഭാഗം ശക്തമായി എതിര്‍ത്തെങ്കിലും ഫലം കണ്ടില്ല.                                                          പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവര്‍ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂര്‍ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. ഇലന്തൂര്‍ നരബലി കേസ് സമാനതകള്‍ ഇല്ലാത്ത ക്രൂരകൃത്യമെന്ന് കോടതി. സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും കസ്റ്റഡി ഉത്തരവില്‍ കോടതി പറഞ്ഞു.