Wednesday, May 15, 2024
keralaNewspolitics

ഹിജാബ് നിരോധനം: ഇന്ത്യയ്ക്ക് മോശം അവസ്ഥ സൃഷ്ടിക്കും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും, ആചാരങ്ങളും, വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണകളും, ഭക്ഷണരീതികളും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനത്തില്‍ പ്രതികരിക്കുകയായിരുന്നു മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.            ഹിജാബ് നിരോധനം വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്. വിവിധ ജനവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് വിവിധ വേഷവിധാനങ്ങളും ഭക്ഷണ രീതികളും ഉണ്ട്. വസ്ത്രധാരണവും ഭക്ഷണരീതിയും ഒരാളുടെ മൗലികാവകാശമാണ്. അതിനാല്‍ ഹിജാബ് ധരിക്കുന്നതിലെ വിലക്കുന്നത് ശരിയല്ല. ഒരാളുടെ മൗലികാവകാശം ലോകം മുഴുവന്‍ പാലിക്കപ്പെടുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഏതെങ്കിലും ഒരു മതത്തിനോ വസ്ത്രത്തിനോ ഭക്ഷണത്തിനോ നിരോധനം ഉണ്ടായാല്‍ അത് ശരിയല്ല. അത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഹിജാബ് നിരോധനം അന്തര്‍ദേശിയതലത്തില്‍ തന്നെ ഇന്ത്യയ്ക്ക് മോശം അവസ്ഥ സൃഷ്ടിക്കും. സുപ്രീം കോടതി വളരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഹിജാബ് കേസ് വിശാലബെഞ്ചിന് വിട്ടതിലൂടെ സുപ്രീകോടതി അവധാനതയോടെ ഈ വിഷയം കാണുന്നു എന്നാണ് വ്യക്തമാകുന്നത്. ഹിജാബ് ഒരു നിരോധിത വസ്ത്രമൊന്നുമല്ല, അതിനാല്‍ ഇന്ത്യയില്‍ അതിന് നിരോധനം പാടില്ല. അന്തിമ വിധിയ്ക്കായാണ് കാത്തിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.