Monday, April 29, 2024
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ രണ്ട് പാലങ്ങള്‍കൂടി അപകടാവസ്ഥയില്‍

എരുമേലി :എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇരുമ്പൂന്നിക്കര ഒമ്പതാം വാര്‍ഡില്‍ രണ്ട് പാലങ്ങള്‍ കൂടി അപകടാവസ്ഥയിലെന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഇരുമ്പൂന്നിക്കര കാണിക്ക മണ്ഡപത്തിന് സമീപത്തുള്ള പാലം ഒഴുകി പ്പോയതിന് പിന്നാലെയാണ് രണ്ട് പാലങ്ങള്‍ കൂടി അപകടാവസ്ഥയിലായിരിക്കുന്നത്. പറപ്പള്ളി കവലയിലെ പാലവും, ഉറുമ്പില്‍ പാലവുമാണ് അപകടാവസ്ഥയിലായിരിക്കുന്നത് . പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കെട്ട് തകര്‍ന്നതാണ് പ്രധാന കാരണം, കഴിഞ്ഞ ദിവസം ഉണ്ടായതും കഴിഞ്ഞ വര്‍ഷം പല തവണയായി ഉണ്ടായതടക്കം ശക്തമായ മഴയും – വെള്ളപ്പൊക്കവുമാണ് പാലത്തിന്റെ സംരക്ഷണ കെട്ടും – മണ്ണും തകരാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഒഴുകിപ്പോയ കാണിക്ക മണ്ഡപത്തിന് സമീപത്തെ പാലത്തിന് പകരം ഇതുവഴി നടക്കാനായി തടിപ്പാലം നാട്ടുകാര്‍ സ്ഥാപിച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ ആളുടെ ഏക ആശ്രയമായ ഈ പാലം തകര്‍ന്നു വീഴുന്നതിന് മുമ്പ് സുരക്ഷിതമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു .