Saturday, May 4, 2024
keralaLocal NewsNewspolitics

ഇരുമ്പൂന്നിക്കരയില്‍ സിപിഎം പ്രവര്‍ത്തകന് വോട്ട് നിഷേധിച്ചതായി പരാതി.

 

  •  പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ല
  • വോട്ട് ചെയ്യാനും അനുവദിച്ചില്ല. 

    പി ജെ മുരളീധരന്‍

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുമ്പൂന്നിക്കരയില്‍ വോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന് വോട്ട് നിഷേധിച്ചതായി പരാതി.എരുമേലി ഗ്രാമ പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര ഒന്‍പതാം വാര്‍ഡില്‍ തുമരംപാറ ഗവ. എല്‍ പി സ്‌കൂളിലെ ബൂത്തിലായിരുന്നു സംഭവം.ഇരുമ്പൂന്നിക്കര സ്വദേശി പ്ലാമൂട്ടില്‍ പി ജെ മുരളീധരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് മൗലികാവകാശമായ വോട്ട് നിഷേധിച്ചതിനെതിരെ ഇലക്ഷന്‍     കമ്മീഷനും-ഹൈക്കോടതിയിലും പരാതി നല്‍കുമെന്നും സിപിഎം നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 30 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ക്വാറന്റേനില്‍ കഴിഞ്ഞതിന് ശേഷം ഡിസംബര്‍ 8 ന് നെഗറ്റീവ് ആകുകയും തുടര്‍ന്ന് പി പി കിറ്റ് ധരിച്ച് 10 ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് വോട്ട് ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് വോട്ട് ചെയ്യാനെത്തിയതെന്നും എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ കയ്യിലുള്ള വോട്ടേഴ്‌സ് ലിസ്റ്റില്‍ തനിക്ക് സ്‌പെഷ്യല്‍ വോട്ട് എന്ന് രേഖപ്പെടുത്തിയിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും ഓഫീസര്‍ അറിയിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പിലും ജില്ല കളക്ട്രേറ്റിലും അന്വേഷണം നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്ന മുരളീധരന് പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് അയച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിലെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്റെ നടപടി എരുമേലി പഞ്ചായത്തിലെ ഭരണ പ്രതിസന്ധിക്കാണ് വഴിയൊരുക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫും -യുഡിഎഫും 11 സീറ്റുകള്‍ വീതവും, ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്.ഇരുമ്പൂന്നിക്കരയില്‍ രണ്ട് മുന്നണി സ്ഥാനാര്‍ത്ഥിക്കും 340 വോട്ടുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് നടത്തി യുഡിഎഫ് സ്ഥാനര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.ഇത് മൂലം മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി നേരിടുകയാണെന്നും നേതാക്കള്‍ പറഞ്ഞു.എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് തന്നെ നിലനിര്‍ത്തുമെന്നും സ്വതന്ത്രനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റായി തങ്കമ്മ ജോര്‍ജ് കുട്ടിയെ സി പി എം തീരുമാനിച്ചിട്ടുണ്ടെന്നും – ഇനി എല്‍ ഡി എഫ് തീരുമാനിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സി പി എം എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ സി ജോര്‍ജ് കുട്ടി, ഇരുമ്പൂന്നിക്കര വാര്‍ഡില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി റ്റി .കെ പ്രകാശ്,പി ജെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു .