Friday, May 3, 2024
keralaNews

ഇരവികുളം ദേശീയോദ്യാനം തുറന്നു; വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചു

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. വരയായുകളുടെ പ്രജനനത്തിനായി ഫെബ്രുവരി ഒന്നിനാണ് രാജമല ദേശീയോദ്യാനം അടച്ചത്. കൊവിഡ് ഭീഷണി നിലനിന്ന കഴിഞ്ഞ സീസണില്‍ പാര്‍ക്ക് അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ അവസാനം ഒരു മാസക്കാലം ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുത്തിരുന്നുവെങ്കിലും കാര്യമായി ടൂറിസ്റ്റുകള്‍ എത്തിയിരുന്നില്ല.

രാജമല സന്ദര്‍ശനം പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും അനുവദിക്കുക. സ്വദേശികള്‍ക്ക് 200 രൂപയും വിദേശികള്‍ക്ക് 500 രൂപയുമാണ് ഫീസ്. വീഡിയോ കാമറക്ക് 350 രൂപയും കാമറയ്ക്ക് 50 രൂപയും അധികമായി നല്കണം. ഇക്കുറി വരയാടിന്‍ കുഞ്ഞുങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പ് കണക്കുകൂട്ടുന്നത്.കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ ആകെ 1101 വരയാടുകളെയാണ് കണ്ടെത്തിയത്. രാജമലയില്‍ മാത്രം കുഞ്ഞുങ്ങളെ കൂടാതെ 710 ആടുകളെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. . വരയാടുകള്‍ ഏറെയുള്ള മീശപ്പുലിമലയില്‍ 270 വരയാടുകളെ കണ്ടെത്തി. 2016-ല്‍ നടത്തിയ ഓള്‍ കേരള സര്‍വേയില്‍ ആകെ 1400 വരയാടുകളെയാണ് കണ്ടെത്തിയത്.

കഴിഞ്ഞ സീസണില്‍ 111 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇക്കുറി അതിലും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടാവുമെന്നാണ് കുരുതുന്നത്. ഈ സീസണില്‍ ഇതുവരെ 80 കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ചോല ദേശിയോദ്യാനം, മീശപ്പുലിമല, കെളുക്കുമല, മറയൂര്‍, മാങ്കുളം, മൂന്നാര്‍ ടെറട്ടോറിയില്‍ തുടങ്ങിയ 31 ബ്‌ളോക്കുകളില്‍ വരയാടുകളുടെ സാന്നിദ്ധ്യം ഏറെയുണ്ട്. ഏപ്രില്‍ രണ്ടാമാഴ്ചയില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന വരയാടുകളുടെ സെന്‍സസ് ആരംഭിക്കും