Monday, May 6, 2024
indiaNews

ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

മുംബൈ :ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആദ്യ വിവാഹത്തിലെ മകള്‍ ഷീനയെ (25) 2012ല്‍ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസില്‍ പിടിയിലായ ഇന്ദ്രാണി 2015 മുതല്‍ വിചാരണത്തടവിലായിരുന്നു. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താക്കന്‍മാരായ സഞ്ജീവ് ഖന്നയും പീറ്റര്‍ മുഖര്‍ജിയും കേസില്‍ പ്രതികളാണ്.

ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകന്‍ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സ്വത്ത് തന്നില്ലെങ്കില്‍ ഇന്ദ്രാണിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നു ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. 2012ല്‍ ഷീന യുഎസിലേക്കു പോയെന്നാണു കൊലയ്ക്കുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. മൂന്നു വര്‍ഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്. താനോടിച്ച കാറില്‍ വച്ചാണു ഷീനയെ കൊന്നതെന്നു മൊഴി നല്‍കിയ റായി കേസില്‍ മാപ്പുസാക്ഷിയായി. അഞ്ച് വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വര്‍ഷം പീറ്ററിനു ജാമ്യം ലഭിച്ചിരുന്നു.

മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് സിബിഐ ഡയറക്ടര്‍ക്കു ജയിലില്‍വച്ച് ഇന്ദ്രാണി മുഖര്‍ജി കത്തയച്ചിരുന്നു. കശ്മീരില്‍ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞതായാണു കത്തില്‍. ഇന്ദ്രാണി മുഖര്‍ജിയുടെ അവകാശവാദം സിബിഐ തള്ളിയിരുന്നു. ഷീന ‘യഥാര്‍ഥത്തില്‍ മരിച്ചു’ എന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നു സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. അസ്ഥികൂടത്തിന്റെ ഡിഎന്‍എ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തപ്പെടുന്നതാണു മുഖ്യതെളിവെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.