Thursday, May 2, 2024
NewsSportsworld

ഇന്തോനേഷ്യന്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് കിരീടം

ഇന്തോനേഷ്യ: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ഇന്ത്യന്‍ സഖ്യത്തിന് ചരിത്ര നേട്ടം.  ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സാത്വിക് സായ്രാജ് – ചിരാഗ് ഷെട്ടി ജോഡിക്ക് കിരീടം. പുരുഷ ഡബിള്‍സ് ഫൈനലില്‍ മലേഷ്യന്‍ ജോഡിയായ ആരോണ്‍ ചിയ-സോ വുയി യിക്ക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യം വിജയം നേടിയത്. 43 മിനിറ്റ് നീണ്ടുനിന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ 21-17, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജോഡിയുടെ വിജയം. ഇന്തോനേഷ്യ ഓപ്പണിന്റെ ഡബിള്‍സ് ഇനത്തില്‍ ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. നേരത്തെ സൂപ്പര്‍ 100, സൂപ്പര്‍ 300, സൂപ്പര്‍ 500, സൂപ്പര്‍ 750 എന്നീ കിരീടങ്ങള്‍ സാത്വിക്കും ചിരാഗും നേടിയിട്ടുണ്ട്. എല്ലാ സൂപ്പര്‍ കിരീടങ്ങളും നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി കൂടിയാണ് ഇവര്‍. ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള പുരുഷ ഡബിള്‍സ് ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ബിര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ആരോണ്‍ ചിയ-സോ വുയി യിക്ക് ജോഡിയാണ് പുരുഷ ഡബിള്‍സില്‍ നിലവിലെ ലോക ചാമ്പ്യന്‍. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് 2017ല്‍ കിരീടം നേടിയിരുന്നു.