Friday, May 17, 2024
keralaNews

മലപ്പുറം സബ് കളക്ടര്‍ക്കെതിരെ സൈബര്‍ ആക്രമണം; പറയിപ്പിക്കാതെ ഒരു തട്ടം ഇട്ടൂടെ ……….

മലപ്പുറം: ജില്ലാ സബ് കളക്ടറായി ചുമതലയേറ്റ സഫ്‌ന നസറുദ്ദീനെതിരെ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതിനെതിരെയാണ് സൈബര്‍ ആക്രമണം.
കളക്ടറായി സ്ഥാനമേറ്റതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളുടെ ഫേസ്ബുക്കിന് ചുവടെയാണ് മതവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രമുഖ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും. ‘ഒരു മുസ്ലിം മത വിശ്വസിയായ സ്ത്രീ ആണെങ്കില്‍. തലയില്‍ തട്ടമിട്ടു. മുടി മറക്കുക തന്നെ വേണം. വിശ്വസിയാണ് എങ്കില്‍ മാത്രം. അത് പറയു്‌മ്പോള്‍ ഫെമിനിച്ചികളും. അന്ത വിശ്വസികളും തുള്ളേണ്ട- മന്‍സൂര്‍ ‘ചെറുപ്പം മുതല്‍ തട്ടം ഇട്ട് ശീലം ഉള്ളവര്‍ ഏത് വലിയ പൊസിഷനില്‍ ആയാലും അവര്‍ തട്ടം ഇട്ട് ഇരിക്കും ‘-രഞ്ജുല കാസിം. ‘സമുദായത്തെ പറയിപ്പിക്കാതെ നിങ്ങള്‍ക്ക് ഒരു തട്ടം ഇട്ടൂടെ’-ഹമീദ് കെ.പി എന്നിങ്ങനെയാണ് കമന്റുകള്‍.

സഫ്‌ന നസറുദ്ദീന്റെ പരിശീലനം പൂര്‍ത്തിയാക്കിയതിനുശേഷമുള്ള ആദ്യ നിയമനമാണ് മലപ്പുറത്തേത്. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസഫുദ്ദീന്റേയും എ.എന്‍. റംലയുടേയും മകളാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും കരസ്ഥമാക്കിയാണ് സഫ്ന നസ്റുദ്ദീന്‍ ഈ പദവിയില്‍ എത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. 2019 ബാച്ച് സിവില്‍ സര്‍വ്വീസ് ജേതാവാണ്. തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്ന സഫ്‌ന സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്കോടെയാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്താണ് ഐഎഎസ് പരിശീലനം നേടിയത്.