Sunday, May 19, 2024
keralaNewspolitics

ഇടത് മുന്നണി തന്നോട് അനീതി കാട്ടിയെന്ന് മാണി സി കാപ്പന്‍.

ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് മാണിവിഭാഗം എല്‍ഡിഎഫില്‍ എത്തിയതോടെ പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് കാപ്പന്‍ അറിയിക്കുകയുമായിരുന്നു.യുഡിഎഫുമായി എന്‍സിപിക്ക് നല്ല ബന്ധമാണ് ഉള്ളത്. ഇടതുമുന്നണി വിടുന്ന കാര്യം ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും മാണി സി. കാപ്പന്‍ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നിന്നത്. അന്ന് താന്‍ പറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മള്‍ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെ സംഭവിച്ചു.

പാലായില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷി തന്നോട് ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. താനാണെങ്കില്‍ കാണിച്ചേനെ. അത് കാണിച്ചില്ലെന്നു മാത്രമല്ല, അവരുടെ പാര്‍ട്ടിയുടെ സാമൂഹികമാധ്യമ കൂട്ടായ്മയിലൂടെ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടനാടില്‍ മത്സരിക്കാന്‍ താനില്ല എന്ന് വ്യക്തമാക്കിയതാണ്. തോമസ് ചാണ്ടിയുടെ അനുജന് സീറ്റു നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇടതുമുന്നണിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആ നിലയ്ക്ക് ആ സീറ്റ് എടുക്കുന്നത് മര്യാദകേടായി തോന്നി.മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശരദ് പവാര്‍ ചുമതലപ്പെടുത്തിയിരുന്നു. പകരം രാജ്യസഭാ സീറ്റ് ചോദിച്ചിട്ടും ലഭിച്ചില്ല. എ.കെ. ശശീന്ദ്രന്‍ കൂടെ വരുമെന്ന് തോന്നുന്നില്ല. താന്‍ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരേക്ക് മാറാമെന്നും പകരം കുട്ടനാട്ടില്‍ മത്സരിച്ചോളൂവെന്നും പറഞ്ഞതാണ്. അതിന് ശേഷം ആ വിഷയം ശശീന്ദ്രന്‍ മിണ്ടിയിട്ടില്ലെന്നും കാപ്പന്‍ അറിയിച്ചു.