Thursday, April 25, 2024
AgricultureindiakeralaNews

ഡ്രാഗണ്‍ ഫ്രൂട്ട് വളക്കൂറില്ലാത്ത മണ്ണില്‍പോലും മികച്ച വിളവ്

കാഴ്ചയ്ക്ക് ഏറെ കൗതുകം തോന്നുന്ന,ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ ‘വ്യാളിപ്പഴം വിദേശ’പഴവര്‍ഗമാണ്. വിചിത്രാകൃതിയിലുള്ള ഡ്രാഗണ്‍ പഴം സ്വാദിഷ്ഠവും പോഷകസമൃദ്ധവുമാണ്. സ്‌ട്രോബറി, കിവിപഴം, പിയര്‍ എന്നിവയുടെ സമ്മിശ്ര സ്വാദാണിതിന്.

പരിചരണം
ലോകവിപണി ലക്ഷ്യമിട്ടു തായ്ലന്‍ഡ്, തായ്വാന്‍, ചൈന, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെല്ലാം ഡ്രാഗണ്‍ ഫ്രൂട്ട് വ്യാപകമായി കൃഷിചെയ്യുന്നു. കേരളത്തില്‍ ഈയിടെയാണ് പ്രചാരത്തിലായത്. വിവിധ ജില്ലകളിലായി മുപ്പതിലധികം ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങള്‍ കാണപ്പെടുന്നു. വലിയ പരിചരണമില്ലാതെ ലാഭകരമായി കൃഷി ചെയ്യാം.വരണ്ടതും വളക്കൂറില്ലാത്തതുമായ മണ്ണില്‍പോലും കൃഷിചെയ്യാം എന്നതിനാല്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.വെള്ളം കെട്ടിനില്‍ക്കാത്ത മണല്‍പറ്റുള്ള മണ്ണില്‍ വിജയകരമായി കൃഷിചെയ്യാം. ഇത്തരം സ്ഥലങ്ങളില്‍ നന നല്‍കി നല്ല വിളവ് നേടാം. വിത്തുകള്‍ കിളിര്‍പ്പിച്ച തൈകളോ കമ്പുകളോ നേരിട്ടു നട്ടും ഡ്രാഗണ്‍ ഫ്രൂട്ട് കൃ ഷിചെയ്യാം.വിത്തു മുളപ്പിച്ചെടുക്കുന്ന തൈകള്‍ ഉപയോഗിച്ചു കൃഷി ചെയ്യുമ്പോള്‍ ആദ്യ വിളവെടുപ്പിന് 3 വര്‍ഷമെങ്കിലും വേണ്ടിവരും. നല്ല വിളവു തരുന്നതും കമ്പോളത്തില്‍ ഡിമാന്‍ഡ് ഉള്ളതുമായ ഇനങ്ങളുടെ പാകമായ തണ്ടുകള്‍ മുറിച്ചു നട്ട് കൃഷി ചെയ്യാനാണ് കര്‍ഷകര്‍ക്കു താല്‍പര്യം. 2 അടി നീളമുള്ള കമ്പുകള്‍ മുറിച്ചെടുത്ത് ഒരാഴ്ച തണലത്തു വച്ചതിനു ശേഷം നടുന്നത് വേഗത്തില്‍ വേരുകള്‍ വളരാനും തണ്ടുകള്‍ അഴുകാതിരിക്കുന്നതിനും സഹായിക്കും.നടില്‍ രീതി.

ശരിയായി വളരുന്നതിന് ചെടികള്‍ക്കു താങ്ങ് കൊടുക്കണം.ലംബമായോ, ഭൂമിക്കു സമാന്തര(തിര ശ്ചീന)മായോ താങ്ങു നല്‍കാം. ലംബ(അടുക്കായി)ക്കൃഷിയില്‍ 2 മീറ്റര്‍ അകലത്തിലുള്ള വരികളിലാണ് കമ്പുകള്‍ നടേണ്ടത്. ഓരോ വരിയിലും കമ്പുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കണം. അടുക്കുകൃഷി ചെ യ്യുമ്പോള്‍ 2 മീറ്റര്‍ അകലത്തിലുള്ള വരികളില്‍ 50 സെ.മീ. അകലത്തില്‍ കമ്പുകള്‍ നടാം. 1 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരമുള്ള താങ്ങാണ് ഓരോ ചെടിക്കും നല്‍കേണ്ടത്. തിരശ്ചീന രീതിയില്‍ 1 മുതല്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ താങ്ങുകള്‍ തമ്മില്‍ കമ്പി/കയര്‍ വലിച്ചുകെട്ടി ചെടികള്‍ പടര്‍ത്തി വിടാം. ഒരടിയെങ്കിലും ഉയരമുള്ള കൂന/വരമ്പുകള്‍ എടുത്താണ് കമ്പുകള്‍ നടുക. നടുന്നതിനു മുന്‍പ് കാലിവളം/കമ്പോസ്റ്റ്, 100 ചെടികള്‍ക്ക് ഒരു കിലോ എന്ന തോതില്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്നിവ ചേര്‍ത്ത് നിലമൊരുക്കാം. പിന്നീടു വിളവെടുപ്പു തുടങ്ങിയശേഷം ചെടികളുടെ പ്രായത്തിന് അനുസരിച്ച്, വര്‍ഷത്തില്‍ മൂന്നു തവണ വളം നല്‍കാം. ചെടിയൊ ന്നിന് 20 ഗ്രാം മുതല്‍ 50 ഗ്രാം വരെ യൂറിയ, സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്നിവയും 2030 ഗ്രാം പൊട്ടാഷും (മ്യൂറി യേറ്റ് ഓഫ് പൊട്ടാഷ്) ചേര്‍ത്തു കൊടുത്താല്‍ നല്ല വിളവു ലഭിക്കും.

വിളവെടുപ്പ്
കമ്പുകള്‍ നട്ടു കൃഷി ചെയ്യുമ്പോള്‍ 3 വര്‍ഷത്തിനകം തന്നെ ആദ്യ വിളവെടുപ്പു നടത്താം.പൂക്കള്‍ വിടര്‍ന്നു പരാഗണം നടന്നുകഴിഞ്ഞാല്‍ 30-35 ദിവസങ്ങള്‍ക്കകം പഴങ്ങള്‍ വിളവെടുപ്പിനു പാകമാകും. തണ്ടുകള്‍ മാംസളമായതിനാല്‍ ചെടികള്‍ക്കു കേടു പറ്റാതിരിക്കുന്നതിന് പഴങ്ങള്‍ കത്തികൊണ്ടു മുറിച്ചെടുക്കുന്നതിനു പകരം തണ്ടില്‍നിന്നു വലത്തേക്കു ആയി പിരിച്ചെടുത്തു മാറ്റിയാണ് വിളവെടുക്കുക. ഏക്കറിന് 10 മുതല്‍ 15 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.മുപ്പതിലേറെ ഇനങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും മൂന്നോ നാലോ ഇനങ്ങളാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. ചുവന്ന പുറംതൊലിയും വെള്ള നിറത്തിലുള്ള കാമ്പുമുള്ള ചൈനീസ് ഇനങ്ങള്‍ക്കു മാധുര്യം കുറവാണ്. അകവും പുറവും കടുംചുവപ്പു നിറമുള്ള ‘ അമേരിക്കന്‍ ബ്യൂട്ടി’ പോലുള്ള കോസ്റ്ററിക്കന്‍ ഇനങ്ങള്‍ക്കു മധുരവും സ്വാദുമേറും. അതുകൊണ്ടുതന്നെ അമേരിക്കന്‍ ബ്യൂട്ടി, ബ്ലഡി മേരി, കോസ്മിക് ചാര്‍ലി, കോസ്റ്ററിക്കന്‍ സണ്‍സെറ്റ് എന്നീ ഇനങ്ങള്‍ക്കാണു പ്രിയം. സ്വര്‍ണവര്‍ണവും അതീവ മധുരവുമുള്ള പലോറ എന്ന ഇക്വഡോര്‍ ഇനത്തിനും ഡിമാന്‍ഡ് ഏറും. വിലയില്‍ കേമനും ഇതു തന്നെ.കാര്യമായ രോഗകീടബാധ ഈ ചെടിക്കില്ല. എന്നാല്‍ നമ്മുടെ കാലാവസ്ഥയില്‍ മിക്ക വിളകളെയും ബാധിക്കുന്ന, നീരൂറ്റിക്കുടിക്കുന്ന മീലിമൂട്ട , ശല്‍ക്കകീടങ്ങള്‍ എന്നിവ ഇതിനെയും ആക്രമിക്കുന്നതായി കാണുന്നു. കീടബാധയുള്ള കമ്പുകള്‍ യഥാസമയം മുറിച്ചു മാറ്റുകയും ജൈവ കീടനാശിനികള്‍ പ്രയോഗിക്കുകയും വേണം.മഴക്കാലത്ത് തണ്ടുചീയല്‍ ബാധിച്ചു കാണുന്നു. രോഗം മൂര്‍ച്ഛിക്കുന്നതിന് മുന്‍പ് ബോര്‍ഡോമിശ്രിതമോ മറ്റേതെങ്കിലും കോപ്പര്‍ കുമിള്‍നാശിനിയോ ഉപയോഗിച്ചാല്‍ ഫലപ്രദമായി തടയാം.