Sunday, April 28, 2024
keralaNews

ആറും നാലും വയസുള്ള കുട്ടികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.

മലപ്പുറം മമ്പാട്ട് ആറും നാലും വയസുള്ള കുട്ടികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അവശനിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ദാരുണമായ സംഭവം.ആറും നാലും വയസ്സുള്ള കുട്ടികളെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് മോചിപ്പിച്ചത്. ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പിതാവിനേയും രണ്ടാനമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

മമ്പാടുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ കുടുംബം താമസിച്ചിരുന്നത്. കുട്ടികളുടെ മാതാവ് നേരത്തെ മരിച്ചുപോയതാണ്. പിതാവ് പിന്നീട് വിവാഹം കഴിച്ച സ്ത്രീയാണ് ഇവര്‍ക്കൊപ്പമുള്ളത്. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് പിതാവും രണ്ടാനമ്മയും ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെമുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു.കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍ അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ദമ്പതികള്‍ ജോലിക്ക് പോയത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ വിവരമറിയിച്ച് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്. ഒരു കുട്ടിയുടെ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.