Tuesday, May 7, 2024
keralaNews

ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം.

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം. ആരോഗ്യവകുപ്പിന്റേത് ഏറ്റവും മോശം പ്രവര്‍ത്തനമാണെന്നാണ് വിമര്‍ശനം. ഡിഎംഒമാര്‍ക്കും വകുപ്പ് മേധാവിമാര്‍ക്കുമാണ് വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച കത്ത് നല്‍കിയത്. ഭരണകാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതില്‍ വകുപ്പിന്റേത് മോശം പ്രകടനമാണെന്ന് കത്തില്‍ ആരോപിക്കുന്നു. നാലോളം പ്രശ്നങ്ങളാണ് അക്കമിട്ട് നിരത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗൗരവമേറിയ വിഷയമാണെന്ന് പറഞ്ഞാണ് താഴേത്തട്ടിലേക്ക് ചീഫ് സെക്രട്ടറി കത്ത് കൈമാറിയത്.പ്രധാനമായും ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് ഈ വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുന്നത്. കോടതിയിലെ കേസുകള്‍, സ്ഥലംമാറ്റം എന്നിവയില്‍ വീഴ്ച സംഭവിച്ചു. 30ഉം 40ഉം വര്‍ഷം പഴക്കമുള്ള കേസുകള്‍ ഇപ്പോഴും കോടതിയിലുണ്ട്. ഇതില്‍ പലതിലും സര്‍ക്കാര്‍ തോല്‍ക്കുന്നുമുണ്ട്. ഈ കേസുകള്‍ ഫോളോ അപ്പ് ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന കോടതിയലക്ഷ്യ കേസുകളോ, പ്രശ്നങ്ങള്‍ വരുമ്പോഴോ അത് ചീഫ് സെക്രട്ടറിക്കാണ് ബാധ്യതയായി വരുന്നത്. കോടതിയുടെ വിമര്‍ശനം ഉണ്ടാകുന്നതും ചീഫ് സെക്രട്ടറിയുടെ മേലാണ്.അതിന്റെ തുടര്‍ച്ചയായാണ് ചീഫ് സെക്രട്ടറി തന്നെ ഈ വിഷയം ഉന്നയിച്ച് സംസ്ഥാന തലത്തില്‍ ഒരു യോഗം വിളിച്ച ശേഷം ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിരിക്കുന്നത്. അച്ചടക്ക നടപടികള്‍, സീനിയോരിറ്റി ലിസ്റ്റ് എന്നിവയിലും വീഴ്ച സംഭവിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സമയബന്ധിതമായി ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിമര്‍ശനമുണ്ട്. എത്രവേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രതിമാസ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കണമെന്ന നിര്‍ദ്ദേശവും ചീഫ് സെക്രട്ടറി നല്‍കിയിട്ടുണ്ട്.