Friday, April 26, 2024
keralaNews

മുല്ലപ്പെരിയാറിന്റെ ചുമതലകള്‍ മേല്‍നോട്ട സമിതിക്ക് നല്‍കാം :സുപ്രീം കോടതി.

ന്യൂഡല്‍ഹി :പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു സുപ്രീം കോടതി.അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷം കൂടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഇത്.മേല്‍നോട്ട സമിതിയിലേക്ക് കേരളത്തിനും തമിഴ്‌നാടിനും ഒരു സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിക്കാം. ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം പരസ്പരം ചര്‍ച്ച ചെയ്തു മിനിട്‌സ് കൈമാറാന്‍ ആവശ്യപ്പെട്ട കോടതി, ഹര്‍ജി വ്യാഴാഴ്ച വീണ്ടും കേള്‍ക്കും.മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍. മേല്‍നോട്ട സമിതിയെ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്.