Tuesday, May 14, 2024
HealthindiakeralaNews

ആയുഷ്മാന്‍ ഭാരത് പദ്ധതി; കോട്ടയം ജില്ലയില്‍ ആറ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാകുന്നു

കോട്ടയം ജില്ലയിലെ ആറ് കുടുംബ ക്ഷേമഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി പ്രഖ്യാപിക്കുന്നു. കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാവൂര്‍, പൂഞ്ഞാര്‍ കുടുംബ ക്ഷേമഉപകേന്ദ്രങ്ങളെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി പ്രഖ്യാപിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ഓരോ കേന്ദ്രങ്ങള്‍ക്കും ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്നും ശരാശരി ഏഴു ലക്ഷം രൂപ വീതമാണ് ചെലവഴിച്ചത്.

ഈ കേന്ദ്രങ്ങളില്‍ ഇനി പോഷകാഹാര ക്ലിനിക്, പ്രായമായവര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍, കുഞ്ഞുങ്ങളുടെ വളര്‍ച്ചാ പരിശോധന, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗ പരിശോധന, ഗര്‍ഭിണികള്‍ക്കുള്ള പരിശോധനകള്‍, കൗമാരക്കാര്‍ക്കുള്ള പരിശോധനകള്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കും. കാത്തിരിപ്പ് മുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണ മുറി, ഐയൂസിഡി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ആറ് കേന്ദ്രങ്ങളിലും നിലവിലുള്ള ഒരു ജെപിഎച്ച്എന്‍, ജെഎച്ച്ഐ എന്നിവര്‍ക്ക് പുറമെ ഒരു സ്റ്റാഫ് നഴ്‌സിനെ കൂടി നിയമിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്നുള്ള 60 ലക്ഷം രൂപ ചെലവഴിച്ച് കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് സ്‌കൂളില്‍ സജ്ജമാക്കിയ സ്‌കില്‍ ലാബിന്റെ ഉദ്ഘാടനവും ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒപി ബ്ലോക്കിന്റെ ശിലാസ്ഥാപനവും 24ന് ഇതോടനുബന്ധിച്ചു നടക്കും. ആര്‍ദ്രം മിഷനില്‍ 1.75 കോടി രൂപ ചെലവിട്ടാണ് ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഒപി വിഭാഗം, ഫര്‍മസി, ലാബ്, പ്രതിരോധ കുത്തിവെയ്പ്പ് മുറി, നിരീക്ഷണ മുറി, നഴ്സസ് റൂം എന്നിവ ഉള്‍പ്പെടുന്ന പുതിയ ബ്ലോക്ക്  നിര്‍മിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അദ്ധ്യക്ഷയാകും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.