Wednesday, May 15, 2024
indiaNews

ജമ്മു കശ്മീരില്‍ വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മതം

ജമ്മു കശ്മീരില്‍ സുരക്ഷാ സേന വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമെന്ന് കണ്ടെത്തല്‍. ചൈനയില്‍ നിന്നും തായ്വാനില്‍ നിന്നും നിര്‍മ്മിച്ച ഭാഗങ്ങള്‍ ഡ്രോണില്‍ നിന്നും കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. 5 കിലോ ഗ്രാം സ്ഫോടക വസ്തുക്കളുമായെത്തിയ ഡ്രോണ്‍ ഇന്ന് പുലര്‍ച്ചെയാണ് സേന വെടിവെച്ചിട്ടത്. ഡ്രോണ്‍ ഉപയോഗിച്ച് സ്ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് അമ്പൂരിന് സമീപം സേനയെ വിന്യസിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെ ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തി. സ്ഫോടക വസ്തുക്കള്‍ ഇറക്കാനായി ഡ്രോണ്‍ താഴ്ന്ന് പറന്നപ്പോഴാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്. ഫ്ലൈറ്റ് കണ്‍ട്രോളറും ജിപിഎസ് സംവിധാനവുമുള്ള ഹെക്സാകോപ്റ്ററാണ് വെടിവെച്ചിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 27ന് ജമ്മു എയര്‍ ഫോഴ്സ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

 

ജമ്മു കശ്മീരിലെ സൈനിക താവളങ്ങള്‍ക്ക് സമീപമാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ച്ചയായി ഡ്രോണുകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ശ്രീനഗറില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ കൈവശം വെയ്ക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.