Thursday, May 2, 2024
indiaNews

ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്നു

ആന്ധ്രാപ്രദേശില്‍ മഴ കനക്കുന്നു. റോഡ് റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 23 പേര്‍ മരിച്ചു. 100ല്‍ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയ ദുരിത പ്രദേശത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തനത്തിന് പോയ മൂന്ന് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ദക്ഷിണ ആന്ധ്രയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് ചെയ്യൂരു നദിയിലെ വെള്ളത്തിന്റെ തോത് ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. കൂടാതെ പാപാഗ്‌നി, സ്വര്‍മുഖി, ഗാര്‍ഗേയി നദികളും കരകവിഞ്ഞ് ഉയരുകയാണ്. പ്രളയം വിലയിരുത്തുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നിനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി ജഗന്ഡ മോഹന്‍ റെഡ്ഡി അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് കടപ്പ ജില്ലയിലെ മണ്ടപ്പള്ളി അക്കേപാടു നന്ദലുരു ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട ജനങ്ങളെ പുറത്തെത്തിയ്ക്കാന്‍ പോയ ആന്ധ്രാപ്രദേശ് ആര്‍ടിസി ബസുകളാണ് ഒഴുക്കില്‍പ്പെട്ടത്. നിറയെ ആളുകളുമായി മടങ്ങുകയായിരുന്ന ബസ് പ്രളയ മേഖലയില്‍വെച്ച് മുന്നോട്ട് പോകാനാകാതെ നിന്നു പോവുകയായിരുന്നു. ഇതോടെ ആളുകള്‍ ബസിന് മുകളില്‍ കയറി നിന്ന് സഹായം അഭ്യര്‍ത്ഥിച്ചു. പിന്നാലെ ബസ് ഒഴുകിപ്പോയി. സമാനതകളില്ലാത്ത പ്രളയ ദുരിതത്തിനാണ് ആന്ധ്രാപ്രദേശ് സാക്ഷ്യം വഹിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരന്ദ്രമോദി, മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാരില്‍ നിന്നും സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.